കോട്ടയം: സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് കെസിബിസി. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് ഞായറാഴ്ച അവധി പ്രഖ്യാപിച്ച സർക്കാർ നിലപാടിന് എതിരെയാണ് ഇപ്പോൾ കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച പ്രവർത്തിദിനം അംഗീകരിക്കില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടക്കം അവധി പ്രഖ്യാപിക്കുമെന്നുമാണ് ഇപ്പോൾ കെസിബിസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
പത്രക്കുറിപ്പ് ഇങ്ങനെ:
ഒക്ടോബർ രണ്ട് – ഞായറാഴ്ച
കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും- കെ.സി.ബി.സി
കൊച്ചി: ഒക്ടോബർ രണ്ടിന് കത്തോലിക്കാ രൂപതകളിൽ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച വിശ്വാസപരമായ ആചാരനുഷ്ഠാനങ്ങളിൽ കത്തോലിക്കരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങൾക്കു വേണ്ടി മാത്രം നീക്കി വയ്ക്കേണ്ടതാണ്.
ഇനി മുതൽ ഞായറാഴ്ച പ്രവർത്തിദിനമാക്കാനുള്ള സർക്കാർ നിർദേശങ്ങൾ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ല. ഒക്ടോബർ രണ്ട് ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളിൽ വന്ന് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന സർക്കാർ നിർദേശം മറ്റൊരു ദിവസം സമുചിതമായി ആചരിച്ച് സർക്കാരിന്റെ നിർദേശത്തോടെ സഹകരിക്കേണ്ടതാണ്.