കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്ന് ചേരും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നോമിനേറ്റ് ചെയ്ത 18 അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുന്നത്. രാവിലെ പത്തരയ്ക്ക് സര്‍വകലാശാല ക്യാമ്ബസിലാണ് സെനറ്റ് യോഗം നടക്കുന്നത്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരില്‍ ഒൻപത് പേര് സംഘപരിവാര്‍ അനുകൂലികളാണെന്ന് ആരോപിക്കുന്ന എസ്എഫ്ഐ ഇവരെ തടഞ്ഞേക്കുമെന്ന് സൂചനയുണ്ട്. നോമിനേറ്റ് ചെയ്തവരില്‍ ബാക്കിയുള്ളവര്‍ സിപിഎം, കോണ്‍ഗ്രസ്, ലീഗ് പാര്‍ട്ടി പ്രതിനിധികളാണ്. എസ്എഫ്ഐ പ്രതിഷേധം കണക്കിലെടുത്ത് സര്‍വകലാശാലയില്‍ ഇന്ന് പൊലീസ് സുരക്ഷ ശക്തമാക്കും. അതേസമയം, നവകേരള സദസ് പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് തലസ്ഥാനത്ത് കെഎസ്യു മാര്‍ച്ച് നടത്തുകയാണ്. പൊലീസ് ആസ്ഥാനത്തേയ്ക്കാണ് മാര്‍ച്ച് നടത്തുന്നത്. രാവിലെ പത്ത് അരയ്ക്കാണ് മാര്‍ച്ച് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗണ്മാന് എതിരെ നടപടി വേണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. നവകേരള സദസ് യാത്രയ്ക്കു നേരെ കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലീസ് ഗുണ്ടായിസത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞദിവസം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു.