പാലക്കാട് : സംസ്ഥാനത്തെ ഒൻപത് വിസിമാർ രാജിവയ്ക്കണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നിർദേശങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഇല്ലാത്ത അധികാരമാണ് വിനിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ചാൻസലർ നിയമവും നീതിയും മറക്കുകയാണ്. സ്വാതന്ത്ര്യമായി പ്രവർത്തിക്കേണ്ട സർവകലാശാലകളിൽ കടന്നുകയറുകയാണ് ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഗവർണർ പദവി സർക്കാരിന് എതിരായ നീക്കം നടത്താനുള്ളതല്ലെന്ന് സൂചിപ്പിച്ചാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി പറയാൻ ആരംഭിച്ചത്. സാങ്കേതിക സർവകലാശാലയിലെ സുപ്രിംകോടതി വിധിയുടെ മറപിടിച്ചാണ് എല്ലാ വിസിമാരും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർവകലാശാലകൾക്ക് നേരെ നശീകരണബുദ്ധിയോടെയുള്ള ആക്രമണമാണ് ഗവർണർ നടത്തുന്നത്. ഇതിനെല്ലാം പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. ഒൻപത് സർവകലാശാലകളിൽ നിയമന അധികാരി ഗവർണറാണ്. അതിനാൽത്തന്നെ വിസി നിയമനം ചട്ടവിരുദ്ധമെങ്കിൽ പ്രാഥമിക ഉത്തരവാദി ഗവർണറാണ്. രാജിവയ്ക്കേണ്ടത് വിസിമാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ഉത്തരത്തെ താങ്ങിനിർത്തുന്നത് താനാണെ മൗഢ്യമാണ് ഇതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ഇങ്ങനെ –
അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുകയാണ്. അതിലൂടെ നിയമവും നീതിയും നിഷ്കർഷിക്കുന്ന അടിസ്ഥാന തത്വങ്ങളെ ചാൻസലർ കൂടിയാണ് ഗവർണർ മറക്കുന്നു. ഇതിന്റെ ഭാഗമായാണ് സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. ഇതിന്റെ അർത്ഥം, ഇല്ലാത്ത അധികാരം വിനിയോഗിക്കാൻ ദുരുപയോഗം ചെയ്യുക എന്നാണ്. ഇതിന് ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാകുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. ജനാധിപത്യത്തിന്റെ അന്തസിനെ കളങ്കപ്പെടുത്തുന്നതാണ്. ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലും, സർവകലാശാലയുടെ അധികാരത്തിലുമുള്ള കടന്നു കയറ്റമാണ്. ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും അമിതാധികാര പ്രവണതയെ അംഗീകരിക്കാനാവില്ല. ഗവർണർ പദവി സർക്കാരിനെ പ്രതിരോധത്തിലും, പ്രതിസന്ധിയിലും ആക്കാനും സർക്കാരിനെതിരായ നീക്കം നടത്താൻ ഉളളതുമല്ല. ഗവർണർ പദവി സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും ഭരണഘടനയുടെയും അന്തസ് നില നിർത്താൻ ഉള്ളതാണ്. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്. സർവകലാശാലകൾക്കു നേരെ നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങൾ അല്ലാതെ മറ്റ് എന്താണ് ഇതിനു പിന്നിലുള്ളത്. സർവകലാശാലകളിൽ ഗവർണറാണ് നിയമന അധികാരം. വിസി നിയമനം ചട്ടവിരുദ്ധമായി നടന്നതെങ്കിൽ പ്രാഥമിക ഉത്തരവാദിത്വം ഗവർണറാണ്. ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വിസിമാർ ആണോ. ആലോചിക്കുന്നത് നല്ലതാണ്. ഇല്ലാത്ത അധികാരം പ്രയോഗിച്ച് കളയാം എന്നു കരുതി. ഉത്തരത്തിൽ പിടിച്ചു നിൽക്കുന്നത് താനാണ് എന്നു കരുതുന്ന പോലുള്ള മൗഠ്യമാണ് ഗവർണർക്ക്. നിയമസഭകൂടി പാസാക്കിയ ബില്ലുകളും ഓർഡിനൻസുകളും ഒപ്പിടാതെ വച്ച് നീട്ടുകയാണ്. ബില്ലിൽ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രഖ്യാപനം ഇന്ത്യൻ ഭരണഘടനയോടുള്ള വെല്ലുവിളി. ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ നിയമിക്കാനോ പിരിച്ചു വിടാനോ അധികാരം ഇല്ല.
എൽഡിഎഫ് സർക്കാർ നിമയിച്ച എല്ലാ വൈസ് ചാൻസലർമാരും ഒന്നിനൊന്ന് മികച്ചവരാണ്. എല്ലാ സർവകലാശാലകളും ഒന്നിന് ഒന്ന് മികച്ച രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. യുജിസി ആവശ്യപ്പെട്ട എല്ലാ അക്കാദമിക് യോഗ്യതകളും എല്ലാ സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്കും ഉണ്ട്. കേരളത്തിലേയ്ക്കു മറ്റു നിക്ഷേപങ്ങൾ ഒന്നും വരുന്നില്ല, മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ വരുമാനം എന്ന് പരിഹാസ രൂപേണ പറയുകയും ചെയ്തു.
ഗവർണറുടെ നീക്കം സംസ്ഥാന സർക്കാരിനെതിരാണ്. സംസ്ഥാനത്തിന് എതിരാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് എതിരാണ്. ഇത് സംസ്ഥാനത്തെ ആർഎസ്എസ് അജണ്ടയുടെ ഭാഗമായാണ്.