കോട്ടയം: ഗോവ ഗവർണ്ണറെക്കാത്ത് കേരള പൊലീസുകാർ നടുറോഡിൽ നിന്നത് അഞ്ചു മണിക്കൂർ. കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് സുരക്ഷ ഉറപ്പാക്കാനാണ് കോട്ടയം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ അഞ്ചു മണിക്കൂർ നടു റോഡിൽ നിന്നത്. വൈകിട്ട് നാലിനു ഡ്യൂട്ടിയ്ക്കായി നിരന്ന ഉദ്യോഗസ്ഥർ മടങ്ങിയത് രാത്രി ഒൻപതരയ്ക്ക് ശേഷമാണ്. അഞ്ചരയ്ക്ക് എത്തുമെന്ന് അറിയിച്ച ഗവർണർ കോട്ടയം കടന്നത് രാത്രി ഒൻപതിന്.
കഴിഞ്ഞ ദിവസമാണ് ഗവർണർ കോട്ടയം സന്ദർശനത്തിന് എത്തിയത്. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു ഇദ്ദേഹത്തിന് വിശ്രമം പറഞ്ഞിരുന്നത്. എറണാകുളത്ത് വിമാനം ഇറങ്ങിയ ശേഷം ആറു മണിയ്ക്ക് കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിൽ ഇദ്ദേഹം എത്തും എന്നാണ് അറിയിച്ചിരുന്നത്. ഇത് അനുസരിച്ച് എറണാകുളത്തു നിന്നും നാട്ടകം ഗസ്റ്റ് ഹൗസ് വരെയുള്ള റൂട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ നിരന്നു നിൽക്കുകയും ചെയ്തു. വൈകിട്ട് നാലു മണി മുതൽ നാലര വരെയുള്ള സമയത്തേയ്ക്കാണ് പൊലീസ് ഉദ്യോഗസ്ഥർ നിരന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോവ ഗവർണർ കടന്നു പോകുന്ന വഴികളിലെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രണ്ടു കിലോമീറ്റർ അകലമിട്ട് റോഡിൽ നിരന്നത്. ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കിയാണ് പൊലീസ് സംഘം ഗവർണറെ സ്വീകരിക്കാൻ കാത്തു നിന്നത്. എന്നാൽ, ആററയ്ക്കു വരേണ്ട ഗവർണർ എത്തിയപ്പോൾ സമയം രാത്രി ഒൻപതര. ജില്ലയിലെ 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ പച്ച വെള്ളം പോലും കുടിക്കാനാവാതെ മണിക്കൂറുകളോളമാണ് നടു റോഡിൽ നിൽക്കേണ്ടി വന്നത്. കനത്ത അമർഷം ഉണ്ടെങ്കിലും സേനയിലെ അച്ചടക്കം പാലിച്ച് പല പൊലീസ് ഉദ്യോഗസ്ഥർക്കും പ്രതികരിക്കാൻ പോലും സാധിക്കുന്നില്ല.