ന്യൂസ് ഡെസ്ക് : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കേരള സര്‍വകലാശാല സെനറ്റിലേയ്ക്ക് എ ബി വി പി ക്കാരെ നാമനിര്‍ദേശം ചെയ്ത ചാന്‍സലറുടെ നടപടിയ്ക്കുള്ള സ്റ്റേ ഹൈക്കോടതി വീണ്ടും നീട്ടി.ഈ മാസം 13 വരെയാണ് സ്റ്റേ നീട്ടിയത്. ഹര്‍ജി വീണ്ടും 13 ന് പരിഗണിക്കും.
കേരള സര്‍വ്വകലാശാല സെനറ്റിലേക്ക് എ ബി വി പിക്കാരെ നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ട് നാലാം തവണയാണ് ചാന്‍സലറായ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിടേണ്ടിവരുന്നത്.സെനറ്റിലേക്ക് വിസി നല്കിയ പട്ടിക തള്ളിക്കൊണ്ട് ചാന്‍സലര്‍ സ്വന്തം നിലയില്‍ ശുപാര്‍ശ ചെയ്തവരില്‍ നാലുപേരുടെ നിയമനം കോടതി കഴിഞ്ഞ ഡിസംബര്‍ 12 ന് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കണമെന്ന ചാന്‍സലറുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിച്ചപ്പോള്‍ എതിര് കക്ഷികളും ചാന്‍സലര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്ത് വിദ്യാര്‍ഥികളുമായ എ ബി വി പി പ്രവര്‍ത്തകര്‍,തങ്ങള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഹാജരാകുമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.ഇതെത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റിയ കോടതി ചാന്‍സലറുടെ നടപടിയ്ക്കുള്ള സ്റ്റേ അന്നുവരെ നീട്ടുകയും ചെയ്തു.സെനറ്റിലേയ്ക്ക് ആരെ നാമനിര്‍ദേശം ചെയ്യണമെന്നത് തന്റെ വിവേചനാധികാരമാണെന്നായിരുന്നു ചാന്‍സലറുടെ വാദം. എന്നാല്‍ വി സിയുടെ പട്ടിക തള്ളി ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് കോടതി നേരത്തെ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സര്‍വകലാശാലയിലെ റാങ്ക് ജേതാക്കളായ നാലു വിദ്യാര്‍ഥികള്‍, കലാപ്രതിഭ , ദേശീയ തലത്തില്‍ ശദ്ധിക്കപ്പെട്ട കായികതാരം എന്നിവര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് വിസി ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയത്.