തിരുവനന്തപുരം : കാലിക്കറ്റ്, ഡിജിറ്റല്‍, സംസ്കൃത, ഓപ്പണ്‍ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ അയോഗ്യരാണെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.വി.സിമാരുടെയും പ്രതിനിധികളുടെയും ഹിയറിങ്ങിനുശേഷമാണ് ഗവര്‍ണര്‍ ഈ നിലപാടിലെത്തിയത്. നിയമനത്തിനു യു.ജി.സി. ചട്ടങ്ങള്‍ പാലിക്കപ്പെടാത്തതിനാല്‍ വി.സിമാര്‍ അയോഗ്യരാണെന്ന് യു.ജി.സി. പ്രതിനിധിയും ഹിയറിങ്ങില്‍ നിലപാടെടുത്തിരുന്നു.
ഗവര്‍ണറുടെ തീരുമാനം ഉടനുണ്ടാകുമെന്ന് രാജ്ഭവന് അധികൃതര്‍ പറഞ്ഞു. ഗവര്‍ണര്‍ അയോഗ്യരാക്കിയാലും വി.സിമാര്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓപ്പണ്‍ സര്‍വകലാശാലാ വി.സി മുബാറക് പാഷയുടെ രാജി സ്വീകരിക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ തീരുമാനിച്ചു. ഗവര്‍ണര്‍ വിളിച്ച ഹിയറിങ്ങിന് ഓപ്പണ്‍ സര്‍വകലാശാലാ വി.സി. ഹാജരായില്ല. ഡിജിറ്റല്‍ സര്‍വകലാശാലാ വി.സിയും കാലിക്കറ്റ് വി.സിയുടെ അഭിഭാഷകനും ഹാജരായി. സംസ്കൃത സര്‍വകലാശാലാ വി.സിയുടെ അഭിഭാഷകന് ഓണ്‍ലൈനിലൂടെയാണ് ഹാജരായത്. കാലിക്കറ്റ് വി.സി. നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്കൃത സര്‍വകലാശാലയില്‍ പാനലിനു പകരം ഒരു പേര് മാത്രം സമര്‍പ്പിച്ചതും ഓപ്പണ്‍, ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ വി.സിമാരെ യു.ജി.സി. പ്രതിനിധി കൂടാതെ ആദ്യ വി.സിമാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ നേരിട്ട് നിയമിച്ചതും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയത്.
ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്ന കേരള, എം.ജി, കുസാറ്റ്, മലയാളം സര്‍വകലാശാലാ വി.സിമാര്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ചു. കെ.ടി.യു, കണ്ണൂര്‍, ഫിഷറീസ് വി.സിമാര്‍ക്ക് കോടതിവിധി പ്രകാരം പദവി നഷ്ടപ്പെട്ടു. ഗവര്‍ണര്‍ വീണ്ടും ഹിയറിങ്ങ് നടത്താന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് ചോദ്യംചെയ്ത് സംസ്കൃത സര്‍വകലാശാലാ വി.സി. ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ ഫയല്‍ ചെയ്തെങ്കിലും സ്വീകരിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു. പിഴ ഈടാക്കേണ്ടി വരുമെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടതോടെ അപ്പീല്‍ പിന്‍വലിക്കുകയായിരുന്നു.