പത്തനംതിട്ട: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണയെ പരോക്ഷമായി തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വീണ വിജയൻ ഹർജി നൽകിയ വിഷയത്തിൽ താൻ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. ‘അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും’ എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പിണറായിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമേ മുമ്പും പ്രതികരിച്ചിട്ടുള്ളു എന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.
നേരത്തെ കോടിയേരിയുടെ മകൻ ബിനീഷിന്‍റെ വിഷയത്തിൽ മൗനം പാലിച്ച പാർട്ടി പിണറായിയുടെ മകൾ വീണയുടെ കാര്യത്തിൽ പ്രതിരോധം തീർക്കുന്നുവെന്ന വിമർശനം പാർട്ടിയിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. വീണയെ പ്രതിരോധിക്കേണ്ട ആവശ്യം പാർട്ടിക്കില്ല എന്ന സന്ദേശം കൂടിയാണ് സി പി എം സംസ്ഥാന സെക്രട്ടറി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം നേരത്തെ കർണാടക ഹൈക്കോടതിയാണ് മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളിയത്. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്സാലോജിക് – സി എം ആർ എൽ ഇടപാടുകളിൽ എസ് എഫ് ഐ ഒ അന്വേഷണം തുടരാമെന്നും കർണാടക ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
കമ്പനിയുടെ പ്രമോട്ടര്‍മാരിൽ ഒരാളായ മുഖ്യമന്ത്രിയുടെ മകൾ വീണയാണ് കേസിൽ ആരോപണ വിധേയയായി നിൽക്കുന്ന പ്രധാനി. 1.72 കോടി രൂപ വീണ വിജയന്‍റെ എക്സാലോജിക്കിന് ഒരു സേവനവും നൽകാതെ കൈമാറിയെന്നതിനും തെളിവുകളുണ്ടെന്ന വാദം അംഗീകരിച്ചാണ് അന്വേഷണം തുടരാൻ അനുമതി നൽകിയത്.