തിരുവനന്തപുരം: കേരളത്തിലെ കാലാവധി പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് നിന്ന് മടങ്ങി. ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചിരിക്കുന്നത്. ഗവര്‍ണറെ യാത്രയാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ എത്തിയില്ല. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ യാത്രയാക്കി. സര്‍വകലാശാല വിഷയത്തിൽ ഉള്‍പ്പെടെ സര്‍ക്കാരുമായി കടുത്ത ഭിന്നത തുടരുന്നതിനിടെ ഔദ്യോഗിക യാത്രയയപ്പ് ഇല്ലാതെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മടക്കം.
മലയാളത്തിൽ യാത്ര പറഞ്ഞാണ് ഗവര്‍ണര്‍ വിമാനത്താവളത്തിനുള്ളിലേക്ക് പോയത്. കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരുമെന്നും കേരളത്തിന് ഹൃദയത്തിൽ പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും തന്ന സ്നേഹത്തിന് നന്ദിയുണ്ടെന്നും രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സർവകലാശാല വിഷയത്തിൽ ഒഴികെ സർക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടത് ഇല്ല. രണ്ടു പ്രവർത്തന ശൈലിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയയപ്പിനെ എത്താത്തതിനെക്കുറിച്ചും ഗവര്‍ണര്‍ മറുപടി നൽകി.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തത്. എന്നാൽ, അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്ഭവനിൽ നിന്ന് കാറിൽ പോകുന്നതിനിടെ ഗവര്‍ണര്‍ക്ക് എസ്എഫ്ഐക്കാര്‍ ടാറ്റാ കാണിച്ചു. പേട്ടയിൽ വെച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കുനേരെ ടാറ്റ പറഞ്ഞത്.