കോട്ടയം : തുർച്ചയായി ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ സെറ്റോയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്ക് കോട്ടയം ജില്ലയിൽ ഏറെക്കുറെ പൂർണ്ണം. 80% ജീവനക്കാരും പണിമുടക്കിൽ പങ്കാളികളായെന്ന് സെറ്റോ ജില്ലാ കമ്മറ്റി പറഞ്ഞു. കളക്ട്രേറ്റ് , വിവിധ താലൂക്ക് ഓഫീസുകൾ എന്നിവടങ്ങളിൽ ചുരുക്കം ജീവനക്കാരാണ് ഹാജരായത്. 90% വില്ലേജ് ഓഫീസുകളും ജില്ലയിൽ അടഞ്ഞു കിടന്നു.
കൃഷി ഭവനുകൾ , മൃഗാശുപത്രി , എന്നിവയുടെ പ്രവർത്തനവും തടസപ്പെട്ടു. എം.ജി യൂണിവേഴ്സിറ്റിയിൽ 60 % ൽ അധികം ജീവനക്കാരും പണിമുടക്കി. എയ്ഡഡ് സ്കൂളുകളിൽ 80% അദ്ധ്യാപകരും പണിമുടക്കി. പണിമുടക്കിയ ജീവനക്കാർ ഓഫീസ് കോംപ്ലക്സുകളിൽ പ്രകടനവും യോഗവും നടത്തി. കളക്ട്രേറ്റിൽ നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് ജീവനക്കാർ അണിചേർന്നു. പ്രകടനം തടസപ്പെടുത്തുവാനുള്ള എൻ ജി ഒ യൂണിയൻ പ്രവർത്തകരുടെ ശ്രമം നേരിയ സംഘർഷത്തിന് കാരണമായി. തുടർന്ന് കളക്ട്രേറ്റ് പ്രധാന കവാടം ഉപരോധിച്ച് ജീവനക്കാർ റോഡിൽ കുത്തി ഇരുന്നു. തുടർന്ന് നടന്ന യോഗം ഐ എൻ റ്റി യു സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. പി ഐ.ജേക്കബ്സൺ, വി പി ബോബിൻ , റോണി ജോർജ് , സതീഷ് ജോർജ് , രാജേഷ് , ജയശങ്കർ പ്രസാദ് , സോജോ തോമസ് , മനോജ് വി പോൾ , ജോബിൻ ജോസഫ് , മേബിൾ , വിപിൻ ചാണ്ടി , സിജിനിമോൾ എന്നിവർ പ്രസംഗിച്ചു.
പണിമുടക്കിൽ പങ്കാളിയായ മുഴുവൻ ജീവനക്കാരും സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യവും കൺവീനർ ജോബിൻ ജോസഫും അഭിനന്ദിച്ചു. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പതിനൊന്നാം ശബള പരിഷ്ക്കര കുടിശിക അനുവദിക്കുക , 19% ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുന:സ്ഥിക്കുക, മെഡിസെപ്പ് കുറ്റമറ്റതാക്കുക , ആശ്രിത നിയമനം അട്ടിമറിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.