തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 16.31 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് തുക അനുവദിച്ചതെന്ന് ധന മന്ത്രി കെ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊളിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രുപവരെയാണ് വേതനം ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപമാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ട്. ഈ നാമമാത്ര സഹായം പിഎം പോഷൺ അഭിയാനിൽ നിന്നാണ് ലഭിക്കേണ്ടത്. പദ്ധതിയിൽ ഈവർഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്. കുട്ടികൾക്ക് ഉച്ചഭക്ഷണ വിതരണം മുടങ്ങാതിരിക്കാൻ സംസ്ഥാനം ഇതിനകം 138.88 കോടി രുപ അനുവദിച്ചു. പാചക ചെലവ് ഇനത്തിൽ കഴിഞ്ഞ മാസം 19.82 കോടി രൂപ നൽകിയിരുന്നു- മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക് നിർദേശം നൽകിയതായും മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം എല്ലാ ബില്ലുകളും മുൻഗണനാ ക്രമത്തിൽ മാറിനൽകുമെന്നും മന്ത്രി വ്യക്തമാക്കി.