പാറ്റ്ന: പത്താം ക്ലാസുകാരിയെ കുരങ്ങൻമാരുടെ സംഘം വീടിൻ്റെ മുകളിൽ നിന്ന് തള്ളിയിട്ടു. താഴെ വീണതിന് പിന്നാലെ പെൺകുട്ടി മരിച്ചു. പ്രിയ കുമാർ എന്ന പെൺകുട്ടിയാണ് മരിച്ചത്. ടെറസിൽ ഇരുന്ന് പഠിക്കുകയായിരുന്നു പ്രിയ കുമാർ. ഈ സമയം ടെറസിലേയ്ക്ക് എത്തിയ ഒരു കൂട്ടം കുരങ്ങൻമാർ പെൺകുട്ടിയെ ഉപദ്രവിച്ചെന്ന് ദൃക്സാക്ഷി പറഞ്ഞു. ബിഹാറിലാണ് സംഭവം.
കുരങ്ങൻമാരുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാനായി പ്രിയ ഗോവണിയിലേയ്ക്ക് ഓടി. എന്നാൽ, കൂട്ടത്തിലെ ചില കുരങ്ങൻമാർ അക്രമാസക്തരാകുകയും പെൺകുട്ടിയെ ടെറസിൽ നിന്ന് തള്ളിയിടുകയും ചെയ്തെന്നാണ് പ്രദേശവാസികൾ പറയുന്നത്. താഴേയ്ക്ക് വീണ പ്രിയയുടെ തലയുടെ പിൻഭാഗത്തും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായ പരിക്കുകളുണ്ടായി. അബോധാവസ്ഥയിലായ പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പെൺകുട്ടിയുടെ തലയിൽ ഉൾപ്പെടെയേറ്റ ഒന്നിലധികം പരിക്കുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ പോസ്റ്റ്‌മോർട്ടം നടത്താൻ വിസമ്മതിച്ചതായി ഭഗവാൻപൂർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) സുജീത് കുമാർ ചൗധരി പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറച്ചുകാലമായി പ്രദേശത്ത് കുരങ്ങുകളുടെ ശല്യം വലിയ രീതിയിൽ വർധിച്ചതായി ഗ്രാമവാസികൾ പറഞ്ഞു.