കൊല്ലം : കേരളം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍.സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശനത്തിലും ധനമന്ത്രി പ്രതികരിച്ചു.
കേന്ദ്രം സംസ്ഥാനത്തിന് പണം നല്‍കുന്നില്ല. കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നടപടികള്‍ക്കിടയിലും ഏറ്റവും വലിയ ചെലവ് നേരിടേണ്ടി വരുമ്പോഴും അതെല്ലാം കൊടുത്ത് തീര്‍ത്തിട്ടാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറയുന്നില്ല.നികുതി പിരിവ് വര്‍ദ്ധിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷമാണ്. നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് അറിയില്ല. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിന്റെ താത്പര്യം പ്രതിപക്ഷ നേതാവ് ഉയര്‍ത്തിപ്പിടിക്കണം. കേരളത്തിന് പണം അനുവദിക്കാത്തതിനെതിരെയുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പിടാൻ പോലും യുഡിഎഫ് എംപിമാര്‍ തയ്യാറാവുന്നില്ല.പ്രതിപക്ഷ നേതാവ് വസ്തുതാപരമായി സംസാരിക്കണം. സര്‍ക്കാരിനെ അപമാനിക്കുന്ന തരത്തില്‍ എല്ലാദിവസവും സംസാരിക്കുകയാണ്. നിരന്തരം ഉന്നയിച്ച പല ആരോപണങ്ങളിലും വസ്തുത ഇല്ലെന്ന് തെളിഞ്ഞതാണ്. കേരളത്തിന്റെ ഇപ്പോഴത്തെ എല്ലാ പ്രതിസന്ധികള്‍ക്കും കാരണം കേന്ദ്ര നയങ്ങളാണെന്നും കെ എൻ ബാലഗോപാല്‍ കുറ്റപ്പെടുത്തി.