കണ്ണൂര്‍ : എ ഐ ക്യാമറ ചിത്രം പകര്‍ത്തിയതിന് പിന്നാലെ വന്ന ചലാൻ നോട്ടീസില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന സ്ത്രീയുടെ രൂപം.ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യനാണ് സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതിന് പിഴ ലഭിച്ചത്. പയ്യന്നൂരില്‍ സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം പതിഞ്ഞത്. നോട്ടീസിലുള്ള ചിത്രത്തില്‍ കാറിന്റെ പിൻസീറ്റില്‍ മറ്റൊരു സ്ത്രീയുടെ രൂപവും കാണാം. എന്നാല്‍ അങ്ങനെയൊരാള്‍ കാറില്‍ ഇല്ലായിരുന്നുവെന്നാണ് ആദിത്യനും കുടുംബവും പറയുന്നത്.
ചലാനില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ആളുടെ രൂപം പതിഞ്ഞത് മോട്ടോര്‍ വാഹനവകുപ്പിനെയും ആശയക്കുഴപ്പത്തിലാക്കുകയാണ്. ചെറുവത്തൂരില്‍ നിന്ന് പയ്യന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ കേളോത്തുവച്ചാണ് എ ഐ ക്യാമറയുടെ പിടിവീഴുന്നത്. കാറിലുണ്ടായിരുന്ന ആദിത്യനും മാതാസഹോദരിയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. കാറിന്റെ പിൻസീറ്റില്‍ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇവരെ ചലാനിലെ ചിത്രത്തില്‍ കാണാനില്ല. പിൻസീറ്റിലായി മറ്റൊരു സ്ത്രീ ഇരിക്കുന്നത് കാണാം. എന്നാല്‍ അങ്ങനെയൊരാള്‍ കാറില്‍ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻസീറ്റില്‍ ഇരുന്ന സ്ത്രീയുടെ പ്രതിബിംബമാകാം ഇതെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ നിഗമനം. അതല്ലെങ്കില്‍ എ ഐ ക്യാമറ തന്നെ പകര്‍ത്തിയ മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ രൂപം സാങ്കേതിക പിഴവുകൊണ്ട് ആദിത്യന് ലഭിച്ച ചലാനില്‍ പതിഞ്ഞതാകാമെന്നും സംശയമുണ്ട്. ഇതുസംബന്ധിച്ച് കെല്‍ട്രോണിനോട് ആരാഞ്ഞിരിക്കുകയാണ് വകുപ്പ്.