തൃശൂര്‍ : കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസന്വേഷണം സി.പി.എമ്മിന്റെ അക്കൗണ്ടുകളിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി. കള്ളപ്പണ ഇടപാടില്‍ പാര്‍ട്ടിക്ക് ഫണ്ട് ലഭിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് അക്കൗണ്ട് വിവരങ്ങള്‍ അറിയിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ചോദ്യംചെയ്ത് വിട്ടയച്ച ജില്ല സെക്രട്ടറി എം.എം. വര്‍ഗീസിനെ വീണ്ടും ചോദ്യംചെയ്യുന്ന ഡിസംബര്‍ ഒന്നിന് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ക്രമക്കേട് ആരോപണമുയര്‍ന്ന കാലത്ത് എം.എം. വര്‍ഗീസ് സെക്രട്ടറിയായിരുന്നില്ല. എന്നാല്‍, ജീവനക്കാര്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പാര്‍ട്ടി ജില്ല സെക്രട്ടേറിയറ്റ് മുൻ അംഗത്തിനുമെതിരെ നടപടികള്‍ വന്നത് വര്‍ഗീസ് സെക്രട്ടറിയായിരിക്കെയാണ്. താൻ സെക്രട്ടറിയായപ്പോഴല്ല, ക്രമക്കേട് നടന്നതെന്ന് വര്‍ഗീസ് ഇ.ഡിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ മുൻ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ബേബിജോണ്‍, മുൻ മന്ത്രി എ.സി. മൊയ്തീൻ എം.എല്‍.എ, മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരെയും ചോദ്യംചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാര്‍ട്ടിക്കും നേതാക്കള്‍ക്കും കരുവന്നൂര്‍ തട്ടിപ്പില്‍ ബന്ധമുണ്ടെന്ന് ഇ.ഡി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. കള്ളപ്പണ കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെ ധനകാര്യസ്ഥാപനമായ ദേവി ഫിനാൻസിയേഴ്സില്‍നിന്ന് നേതാക്കളുടെയും പാര്‍ട്ടി മുഖപത്രത്തിന്റെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടുണ്ടെന്ന് റിമാൻഡിലുള്ള വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ കൂടിയായ ലോക്കല്‍ കമ്മിറ്റി അംഗം പി.ആര്. അരവിന്ദാക്ഷൻ, മുഖ്യസാക്ഷി ജിജോര്‍ എന്നിവരുടെയും മൊഴിയുണ്ട്.
ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തെക്കുറിച്ച് അറിയാനുള്ള ഇ.ഡിയുടെ നീക്കം. എന്നാല്‍, അക്കൗണ്ട് വിവരങ്ങള്‍ നല്കാൻ ബാധ്യതയില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. തെരഞ്ഞെടുപ്പു കാലത്ത് നിര്‍ണായക നീക്കമാണ് ഇ.ഡിയുടേതെന്നും നേതൃത്വം വിലയിരുത്തുന്നു. രണ്ടുപേരെ മുഖ്യസാക്ഷികളാക്കിയ നീക്കത്തിന് പിന്നിലും രാഷ്ട്രീയമുണ്ടെന്നാണ് പാര്‍ട്ടി നിരീക്ഷണം.