ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച ജി.എസ്.ടി നഷ്ടപരിഹാരത്തിൽ കേരളത്തിന് ലഭിക്കുന്നത് 780 കോടി രൂപ. മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതൽ തുക ലഭിക്കാനുള്ളത്. 2102 കോടി. കർണാടകയ്ക്ക് 1934 കോടി രൂപയും ഉത്തർപ്രദേശിന് 1215 കോടി രൂപയുമാണ് ലഭിക്കുക. ഏറ്റവും കുറവ് തുക ലഭിക്കുന്നത് പുതുച്ചേരിക്കാണ് 73 കോടി.
ഇന്ന് ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിലാണ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട കുടിശിക തുക അനുവദിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചത്. 16982 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് കൊടുത്തു തീർക്കാൻ അനുവദിച്ചത്. തുക ഇന്ന് തന്നെ കൊടുക്കുമെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാര ഫണ്ടിൽ ഈ തുക ഇല്ലാത്തതിനാൽ സർക്കാർ സ്വന്തം കൈയിൽ നിന്നാണ് തുക അനുവദിക്കുന്നതെന്നും ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. ഈ തുക ഭാവിയിൽ നഷ്ടപരിഹാര സെസ് പിരിക്കുമ്‌ബോൾ അതിൽ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017ൽ ജി.എസ്.ടി നിലവിൽ വന്നതുമുതൽ 2022 ജൂൺ വരെയുള്ള ജി.എസ്.ടിയിലെ നഷ്ടപരിഹാരത്തിന് കുടിശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ് കേന്ദ്രം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം അഞ്ച് വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു, ജൂണിൽ ഇത് അവസാനിച്ചിരുന്നു. എന്നാൽ കേരളം അടക്കം സംസ്ഥാനങ്ങൾ ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടുന്ന കാര്യം ആവശ്യപ്പെട്ടെങ്കിലും ധനമന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.