കോഴിക്കോട് : ആന്ധ്രപ്രദേശിൽ നിന്നും വിൽപനക്കായി എത്തിച്ച 39 കിലോഗ്രാം കഞ്ചാവുമായി മൊത്ത വിതരണക്കാരൻ അറസ്റ്റിൽ. പൂനൂർ വട്ടപ്പൊയിൽ ചിറക്കൽ റിയാദ് ഹൗസിൽ നഹാസ് (37)നെയാണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടക വീട്ടിൽ നിന്നും പിടികൂടിയത്. കോഴിക്കോട് റൂറൽ എസ്.പി ഡോ എ.ശ്രീനിവാസിന്റെ നിർദേശപ്രകാരം താമരശ്ശേരി ഡി.വൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടി, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി. അശ്വകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
14 കിലോഗ്രാം കഞ്ചാവുമായി വെള്ളിയാഴ്ച അറസ്റ്റിലായ കൊടുവള്ളി തലപ്പെരുമണ്ണ പുൽപറമ്ബിൽ ഷബീറിൽ (33) നിന്നാണ് മൊത്ത വിതരണക്കാരനായ നഹാസിനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കഞ്ചാവ് സൂക്ഷിക്കുന്നതിനു വേണ്ടിയാണു വീട് വാടകയ്ക്ക് എടുത്തത്. ഈ മാസം 11ന് ലോറിയുമായി ആന്ധ്രയിൽ പോയ നഹാസ് ഒരാഴ്ച കഴിഞ്ഞു കേരളത്തിലെത്തി വിൽപനനടത്തിയതിൽ ബാക്കിയാണ് കണ്ടെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇയാളുടെ കൂട്ടാളികളെയും ചില്ലറ വിൽപനക്കാരെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി കർശന നടപടി എടുക്കുമെന്ന് ഡി.വൈ.എസ്.പി. അറിയിച്ചു. നവംബർ മാസത്തിനു ശേഷം മാത്രം ആറ് തവണയായി 300 കിലോയോളം കഞ്ചാവാണ് എത്തിച്ചിട്ടുണ്ട്. വിൽപന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ബാംഗ്ലൂർ,മൈസൂർ എന്നിവിടങ്ങളിൽ ആർഭാടജീവിതം നയിക്കുകയാണ് ഇയാളുടെ പതിവ്. മുമ്പ് ഗൾഫിൽ ജോലി ചെയ്തിരുന്ന നല്ല സാമ്പത്തിക ശേഷിയുള്ള ഇയാൾ പെട്ടെന്ന് പണമുണ്ടാക്കുന്നതിനു വേണ്ടിയാണു കഞ്ചാവ് കച്ചവടത്തിലേക്കു തിരിഞ്ഞത്.
മൂന്ന് മാസത്തോളം ഇയാൾ ആന്ധ്രയിൽ ഹോട്ടൽ നടത്തിയിരുന്നു. ഈ പരിചയമാണ് കഞ്ചാവ് ലോബിയുമായി ഇയാളെ അടുപ്പിച്ചത്.ക്രൈം സ്ക്വാഡ് എസ് ഐ മാരായ രാജീവ്ബാബു, വി.കെ സുരേഷ്, പി.ബിജു, .കെ.പി രാജീവൻ, എസ്.സി.പി.ഒ. വി.വി ഷാജി, അബ്ദുൾ റഹീം നേരോത്ത്, താമരശ്ശേരി ഇൻസ്പെക്ടർ അഗസ്റ്റിൻ,എസ്.ഐ. മാരായ വി.എസ് സനൂജ്, അരവിന്ദ് വേണുഗോപാൽ,എ.എസ്.ഐ.ജയപ്രകാശ്, സി.പി.ഒ റഫീഖ്, എസ്.ഒ.ജി അംഗങ്ങളായ ശ്യം. സി, ഷെറീഫ്, അനീഷ്.ടി.എസ്, മുഹമ്മദ് ഷെഫീഖ്. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.