തൃശൂർ: വേനലവധിക്കാലത്തെ ആദ്യ ഞായറാഴ്ചയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വമ്പൻ തിരക്കും വരുമാനവും. ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഉച്ചവരെ മാത്രം 73.49 ലക്ഷം വരുമാനം. വെറും വഴിപാടിനത്തിലെ മാത്രം തുകയാണിത്. ഭണ്ഡാര വരവ് മാസത്തിലൊരിക്കൽ മാത്രം എണ്ണി തിട്ടപ്പെടുത്തുന്നതിനാൽ ഈ തുക ഇപ്പോൾ കണക്കാക്കില്ല.
നിരയിൽ നില്‍ക്കാതെ പ്രത്യേക ദര്‍ശനത്തിനുള്ള നെയ്വിളക്ക് ശീട്ടാക്കിയത് 2500 ലേറെ പേരാണ്. 21 ലക്ഷം രൂപയായിരുന്നു അതിലൂടെയുള്ള വരുമാനം. തുലാഭാരം ഇനത്തില്‍ 16 ലക്ഷം ലഭിച്ചു. ആറര ലക്ഷത്തിലേറെ രൂപയുടെ പാല്പായസം വഴിപാടുണ്ടായി. 37 കല്യാണവും 571 ചോറൂണുമാണ് ഗുരുവായൂരിൽ ഇന്ന് നടന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക് ഇന്ന് ഏറെയായിരുന്നു. അവധിക്കാലം ആരംഭിച്ച ശേഷമുള്ള ആദ്യ അവധി ദിനമായിരുന്നു ഇന്നലെയെന്നതാണ് തിരക്കേറാനിടയായത്. ഇന്ന് ഞായറാഴ്ച കൂടി ആയതിനാൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാൻ രാവിലെ 11 വരെ ഭക്തരെ കൊടിമരം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയ്ക്ക് ക്ഷേത്രനട അടയ്ക്കുമ്പോള്‍ രണ്ടേകാല്‍ പിന്നിട്ടിരുന്നു.