ബംഗളുരു: എൽഡിഎഫിൽ ജെഡിഎസ് കേരള ഘടകത്തെ തുടരാൻ അനുവദിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി.
പിണറായി വിജയന്റെ മഹാമനസ്കത കൊണ്ടാണ് കേരള ഘടകത്തെ എൽഡിഎഫിൽ നിലനിർത്തിയതിൽ പിണറായിയോട് എച്ച് ഡി കുമാരസ്വാമി നന്ദി അറിയിക്കുകയും ചെയ്തു. ജെഡിഎസ് – ബിജെപി സഖ്യം സംബന്ധിച്ച് എച്ച് ഡി ദേവഗൌഡയുടെ പ്രസ്താവനയിൽ പ്രതികരിക്കവെയാണ് കുമാരസ്വാമി ഇക്കാര്യം പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിണറായി വിജയൻ ജെഡിഎസ്-ബിജെപി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപിക്കൊപ്പം പ്രവർത്തിക്കാനുള്ള ജെഡിഎസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് കഴിഞ്ഞ ദിവസം ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ പറഞ്ഞിരുന്നു. പാർട്ടി കേരള ഘടകവും സഖ്യനീക്കത്തെ പിന്തുണച്ചതായും അദ്ദേഹം അറിയിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി എം ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാൽ മണിക്കൂറുകൾക്കകം അദ്ദേഹം ഇതേ പ്രസ്താവന തിരുത്തുകയും ചെയ്തു. പിണറായി അനുമതി നൽകിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു ദേവഗൌഡ തിരുത്തിയത്. ദേവഗൌഡയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ഇതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം പ്രതികരിച്ചിരുന്നു. ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് ജെഡിഎസ് കേരളഘടകം നേതാവ് മന്ത്രി കെ കൃഷ്ണൻകുട്ടിയും രംഗത്തെത്തിയിരുന്നു.
ദേശീയ നേതൃത്വം ബിജെപിക്കൊപ്പം സഖ്യം ചേർന്ന പശ്ചാത്തലത്തിൽ സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ് ജെഡിഎസ് കേരള ഘടകം. ദേശിയ നേതൃത്വത്തിന് കീഴിൽ നിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിക്കാൻ കേരള ഘടകത്തിൽ ധാരണയായി. കേരള ഘടകത്തിന് ജെഡിഎസ് ദേശിയ നേതൃത്വവുമായി ബന്ധമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.