മക്ക: ഹജ്ജ് സീസണിനോടനുബന്ധിച്ച് ആഭ്യന്തര തീർത്ഥാടകർക്ക് പാക്കേജുകൾ അവതരിപ്പിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം. സൗദി പൗരന്മാർക്കും പ്രവാസികളുൾപ്പടെയുള്ള താമസക്കാർക്കുമാണ് ഇത് ലഭ്യമാകുക. വ്യത്യസ്തമായ നിരക്കുകളിലുള്ള നാല് പാക്കേജുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർക്ക് നിരക്കുകളും മുൻഗണനകളും അനുസരിച്ച് അവർക്കാവശ്യമുള്ള പാക്കേജുകൾ സ്വീകരിക്കാം. നുസ്ക് ആപ്ലിക്കേഷൻ വഴിയാണ് പാക്കേജുകൾ അവതരിപ്പിച്ചിരിക്കുന്നത്.
13,150 റിയാലിന്റേതാണ് ഏറ്റവും ഉയർന്ന പാക്കേജ്. ഇതിൽ അത്യാധുനിക സൗകര്യങ്ങൾ ഉണ്ടാകും. ജമാറത്ത് പാലത്തിന് അടുത്തായാണ് താമസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 8,092 റിയാലിന്റേതാണ് ഏറ്റവും ചെലവ് കുറഞ്ഞ പാക്കേജ്. ഇതിൽ ഹോസ്പിറ്റാലിറ്റി ക്യാമ്പുകളാണ് ഉണ്ടാവുക. മിനക്ക് അടുത്തായാണ് ഈ ക്യാമ്പുകൾ ഒരുക്കിയിരിക്കുന്നത്. 12,537 റിയാൽ നിരക്ക് വരുന്ന ഹജ്ജ് പാക്കേജും ലഭ്യമാണ്. ഇതിൽ കിദാന അൽ വാദി ടവറുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത സേവനങ്ങളും ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഭക്ഷണവും ഇതിൽ ഉണ്ട്. നാലാമത്തെ പാക്കേജിൽ മിനയിൽ ഒരുക്കിയിരിക്കുന്ന തമ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകർക്ക് പങ്കുവെക്കാവുന്ന താമസസൗകര്യവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളും ലഭിക്കും. ഇതിന്റെ നിരക്ക് 10,366 റിയാൽ ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വർഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ ഇലക്ട്രോണിക് പോർട്ടൽ വഴിയോ ആണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഹജ്ജ് ആഗ്രഹിക്കുന്നവർ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവർ എന്നിവ സംബന്ധിച്ച വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിരിക്കണം. മുമ്പ് ഹജ്ജ് കർമങ്ങൾ അനുഷ്ഠിക്കാത്തവർക്കാണ് മുൻഗണന നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.