“ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കും; ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നൽകും”; അന്ത്യശാസനവുമായി ട്രംപ്

വാഷിങ്ടണ്‍: ബന്ദികളെ വിട്ടയക്കുന്നതിൽ ഹമാസിന് അന്ത്യശാസനം നൽകി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഹമാസിനെ പൂർണമായി നശിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്. ഇസ്രയേലിന് അമേരിക്ക എല്ലാ സഹായവും നൽകും. ഗാസയിൽ നിന്ന് ഹമാസ് നേതൃത്വം ഒഴിഞ്ഞുപോകണം. തന്നെ അനുസരിച്ചില്ലെങ്കിൽ ഹമാസിന്‍റെ ഒരു അംഗം പോലും സുരക്ഷിതമായിരിക്കില്ലെന്നും സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് ഭീഷണി മുഴക്കി. 

Advertisements

ഹമാസുമായി ചർച്ച നടത്തുമെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്‍റെ അന്ത്യശാസനം. ഇതുവരെ വൈറ്റ് ഹൌസ് നേരിട്ട് ഹമാസുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഹമാസിനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനാലാണ് ഇത്. എന്നാൽ ഈ കീഴ്‍വഴക്കം ലംഘിച്ചാണ് വൈറ്റ് ഹൌസ് ഹമാസുമായി നേരിട്ട് ചർച്ച നടത്തുന്നത്. നിങ്ങൾ കൊലപ്പെടുത്തിയവർ ഉണ്ടെങ്കിൽ അവരുടെ മൃതദേഹം വിട്ടുനൽകണമെന്നും ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗാസ പുനർനിർമാണം: ഈജിപ്തിന്‍റെ ബദൽ അംഗീകരിച്ച് അറബ് ഉച്ചകോടി

അതിനിടെ ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്‍റെ നീക്കത്തിന് ബദലായി ഈജിപ്ത് അവതരിപ്പിച്ച ഗാസ പുനർനിർമ്മാണ പദ്ധതി അംഗീകരിച്ചിരിക്കുകയാണ് അറബ് രാഷ്ട്രങ്ങൾ. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നതാണ് പദ്ധതിയുടെ സ്വീകാര്യതക്കുള്ള പ്രധാന കാരണം. 5300 കോടി ഡോളറിന്‍റെ ഗാസ പുനർനിർമ്മാണ പദ്ധതിയും കെയ്റോയിൽ ചേർന്ന അറബ് അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു. 

യുദ്ധക്കുറ്റങ്ങളിലും ആക്രമണങ്ങളിലും ഇസ്രേലിനെതിരെ ശക്തമായ നിലപാടും അറബ് ഉച്ചകോടി കൈക്കൊണ്ടു. സ്വതന്ത്ര പലസ്തീൻ മാത്രമാണ് ഗാസയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് അറബ് രാഷ്ട്രങ്ങളൊന്നായി ആവർത്തിച്ചു.

രണ്ട് ഘട്ടങ്ങളിലായി 4 ലക്ഷം വീടുകൾ നിർമ്മിക്കാനാണ് പദ്ധതി. അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായത്തോടെ ഫണ്ടെത്തിക്കും. അനാഥരായ 40,000 കുട്ടികൾക്കായി പ്രത്യേക ഫണ്ട് ഉറപ്പാക്കും. ഇസ്രയേൽ സേന മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങണം. ഉചിതമായ സമയത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തും. പുതിയ നേതൃത്വം വരുന്നത് വരെ ഗാസയിലെ ഭരണം കൈകാര്യം ചെയ്യാൻ അഡ്മിനിയേട്രേഷൻ കമ്മിറ്റി രൂപീകരിക്കും. 

ഇതിന് യോഗ്യരായവരെ തെരഞ്ഞെടുക്കുമെന്നും പുനർനിർമ്മാണ പദ്ധതിയിൽ പറയുന്നു. എന്നാൽ ഹമാസിനെക്കുറിച്ച് പ്രസ്താവനയിൽ പരാമർശിക്കുന്നില്ല. പലസ്തീന്‍റെ അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ള പ്രവർത്തനങ്ങൾക്കായി പലസ്തീൻ ലിബറേഷൻ ഓർഗനൈശേഷനെ ആണ് അംഗീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വെസ്റ്റ്ബാങ്ക് ഉൾപ്പടെ പലസ്തീന്‍റെ ഏതെങ്കിലും ഭാഗം പിടിച്ചെടുക്കാനുള്ള ശ്രമം മേഖലയിൽ പുതിയ സംഘർഷത്തിന് വഴിവെയ്ക്കുമെന്ന് മുന്നറിയിപ്പും നൽകി.

Hot Topics

Related Articles