ആലപ്പുഴ: ഉത്സവത്തിന് കൂടുതല്‍ ആനകളെ വിട്ടുനല്‍കാൻ സാധിക്കില്ലെന്ന ദേവസ്വം ബോർഡിന്റെ പുതിയ നടപടിക്കെതിരെ പ്രതിഷേധവുമായി ഭക്തർ.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചിത്തിര തിരുനാള്‍ ഉത്സവത്തിനോടനുബന്ധിച്ചാണ് ഭക്തർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചരിത്ര പ്രസിദ്ധമായ ഉത്സവത്തിനാണ് ദേവസ്വം ബോർഡ് കൂടുതല്‍ ആനകളെ വിട്ടുനല്‍കില്ലെന്ന് നടപടിയെടുത്തത്.
വിഷുദിനത്തിനാണ് ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നത്. കൊടിയേറ്റ് മുതല്‍ ആറാട്ട് വരെയുളള 37 ക്ഷേത്ര ചടങ്ങുകള്‍ക്ക് സാധാരണയായി ഒമ്ബത് ആനകളെയാണ് എഴുന്നളളിക്കാറുളളത്. മുൻവർഷങ്ങളിലും നാല് ആനകളെ മാത്രമാണ് ദേവസ്വം ബോർഡ് വിട്ടുനല്‍കിയിരുന്നത്. ബാക്കി ആനകളുടേയും ഉത്സവത്തിന്റേയും ചിലവ് ഭക്തജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഒരാനയെ മാത്രമേ വിട്ടുനല്‍കാൻ സാധിക്കുകയുളളൂവെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വം ബോർഡിന്റെ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥരെ കണ്ട് വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിലെ ഉപദേശക സമിതി പറയുന്നു. രണ്ട് ദിവസത്തിനകം പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കില്‍ ഉപദേശകസമിതി രാജിവയ്ക്കുമെന്നും ഉത്സവം ദേവസ്വം ബോർഡ് ഏറ്റെടുത്ത് നടത്തണമെന്നും ഭാരവാഹികള്‍ പ്രതികരിച്ചു.