പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മൈലപ്രയില്‍ വ്യാപാരി കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ നിര്‍ണായക തെളിവായ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക് കണ്ടെത്തി. ഹാര്‍ഡ് ഡിസ്ക് അച്ചൻകോവില്‍ ആറ്റില്‍ നിന്നാണ് പോലീസ് കണ്ടെടുത്തത്. വ്യാപാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞിരുന്നു. കൃത്യത്തിന് ശേഷം പ്രതികള്‍ ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോയിരുന്നു. തുടര്‍ന്ന് ഹാര്‍ഡ് ഡിസ്കിനായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. വലഞ്ചുഴി ഭാഗത്തു ആറ്റില്‍ എറിഞ്ഞെന്ന സംശയത്തില്‍ മൂന്നു ദിവസം ആയി ഡിവൈഎസ്പിയും സംഘവും തിരച്ചില്‍ നടത്തുകയായിരുന്നു.
ഡിസംബര്‍ 30 ന് വൈകിട്ടാണ് മൈലപ്രയിലെ വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയെ കടയ്ക്കുള്ളില്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി ശ്വാസം മുട്ടിച്ച് പ്രതികള്‍ കൊലപ്പെടുത്തിയത്. കൊടുകുറ്റവാളികളായ മദ്രാസ് മുരുകൻ, സുബ്രമണ്യൻ, മുത്തുകുമാര്‍ എന്നിവര്‍ക്ക് പുറമെ വലഞ്ചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവരും കൊലപാതകത്തിലെ പ്രതികളാണ്. ഇതില്‍ മുത്തുകുമാറിനെ ഇനിയും പിടികൂടിയിട്ടില്ല. ജോര്‍ജ്ജ് ഉണ്ണൂണ്ണിയുടെ മാലയും പണവും പ്രതികള്‍ കവര്‍ന്നിരുന്നു. കൂടാതെ സിസിടിവി ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെ എടുത്തുമാറ്റിയുള്ള കൊലപാതകത്തില്‍ ഏറെ പ്രയാസപ്പെട്ടാണ് തെങ്കാശിയില്‍ നിന്ന് പ്രതികളെ പത്തനംതിട്ട ഡിവൈഎസ്പിയും സംഘവും പിടികൂടിയത്.