തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ വീടുകളില്‍ നിന്നടക്കം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) സംസ്ഥാനത്തെ ഹരിതകർമ്മ സേനാംഗങ്ങള്‍ക്ക് ലഭിച്ചത് 9.79 കോടി രൂപ.തൊട്ടു മുമ്പുള്ള വർഷം ലഭിച്ചത് 5.08 കോടി. പ്ലാസ്റ്റിക് കൂടാതെ ഇ വേസ്റ്റ്, ചില്ല്, തുണി മാലിന്യം ഉള്‍പ്പെടെയാണ് ശേഖരിക്കുന്നത്. 40,000 ഹരിതകർമ്മ സേനാംഗങ്ങളാണ് സംസ്ഥാനത്തുള്ളത്.ഇവർ ശേഖരിക്കുന്ന മാലിന്യം ശുചിത്വ മിഷന് കീഴിലുള്ള ക്ലീൻ കേരള കമ്പനി, റീസൈക്കിള്‍ ചെയ്ത് മൂല്യവർദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നതിന് വിവിധ ഏജൻസികള്‍ക്ക് വില്‍ക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനമാണ് കമ്പനി ഹരിതകർമ്മ സേനയ്ക്ക് നല്‍കുന്നത്. നിലവില്‍ 720 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ശേഖരിക്കുന്നത്.2023-24ല്‍ 12,448 ടണ്‍ പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. മുൻവർഷത്തെക്കാള്‍ 56 ശതമാനം കൂടുതല്‍. തരംതിരിച്ച് വില്‍ക്കാനാകാത്ത പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് നിർമ്മാണത്തിനായി നല്‍കും. ഇത്തരത്തില്‍ തയ്യാറാക്കിയ 200.87 ടണ്ണില്‍ 185.2ഉം ഉപയോഗിച്ചു.