കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഹരിത കർമ്മസേന കൺസോർഷ്യം ഭാരവാഹികളുടെ ജില്ലാ സംഗമവും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ വിശിഷ്ടാതിഥിയായി. ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ അധ്യക്ഷത വഹിച്ചു. ഹരിത കർമ്മസേന സ്റ്റേറ്റ് കോഡിനേറ്റർ വിജീഷ് ആശംസകൾ അറിയിച്ചു. ഹരിത കർമ്മ സേനാംഗങ്ങളുടെ ധനകാര്യ നടത്തിപ്പുകൾ കൂടുതൽ സുരക്ഷിതമാവുകയും, സാമൂഹിക ഇടപെടലുകളിൽ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. ശില്പശാലയോട് അനുബന്ധിച്ച് ഹരിത കർമ്മ സേന അധിക വരുമാനപ്രവർത്തനങ്ങളും ബാധ്യതകളും എന്ന വിഷയത്തിൽ ജില്ലാ പ്രോഗ്രാം മാനേജർ പ്രശാന്ത് ശിവൻ , കാർഷിക മേഖലയെ സംബന്ധിച്ച് ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു. ഹരിത കർമ്മസേന ജില്ലാ കോഡിനേറ്റർ പ്രണവ് വിജയൻ നന്ദി അറിയിച്ചു. ശില്പശാലയിൽ 78 സിഡിഎസുകളിൽ നിന്നായി 150 ഓളം ഹരിത കർമ്മസേന ഭാരവാഹികൾ പങ്കെടുത്തു.


