ടെൽ അവീവ് : ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ഖാന്‍ യൂനിസില്‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂവരുടേയും മരണം ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭാര്യയോടൊപ്പം പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ് സലായ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ രക്തം വിമോചനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും ഇന്ധനമായി നിലനില്‍ക്കുമെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസിൻ്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും പലസ്തീന്‍ റെസിസ്റ്റൻസ് ഓര്‍ഗനൈസേഷൻ്റെ വക്താവുമായിരുന്നു. 2006 മുതല്‍ 2018 വരെ പലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായിരുന്നു സലാ. അതേസമയം ചൊവ്വാഴ്ച വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇതുവരെ 634 പേരാണ് കൊല്ലപ്പെട്ടത്.