ഗാസ സിറ്റി: 2023 ഒക്ടോബർ ഏഴിന് സംഗീതപരിപാടിക്കിടെ ആക്രമണം നടത്തി ഇസ്രയേലിൽനിന്ന് കൊണ്ടുപോയ ബന്ദികളിൽ ഒരാളുടെ വീഡിയോ ഹമാസ് പുറത്തുവിട്ടു. ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇസ്രയേൽ- ജർമൻ ഇരട്ടപൗരത്വമുള്ള റോം ബ്രസ്ലാവ്‌സ്‌കി ഹീബ്രുവിൽ സംസാരിക്കുകയും തന്റെ മോചനം ഉറപ്പാക്കാൻ സഹായിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോയിൽ ഇയാളുടെ ആരോഗ്യനില വളരെ മോശമാണെന്നും കാണാം.
ഗാസയിലെ രൂക്ഷമാകുന്ന ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചുള്ള അറബി ഭാഷയിലുള്ള ടെലിവിഷൻ റിപ്പോർട്ടുകൾ അദ്ദേഹം കാണുന്നതായും ദൃശ്യങ്ങളിലുണ്ട്. വാർത്താ ഏജൻസിയായ എഎഫ്പിയും ഇസ്രയേലി മാധ്യമങ്ങളും ഇയാളെ ജറുസലേമിൽനിന്നുള്ള ഇരട്ട പൗരത്വമുള്ള ബ്രസ്ലാവ്‌സ്‌കിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്ടോബറിലെ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നായ നോവ സംഗീതോത്സവത്തിൽ സുരക്ഷാ ഏജന്റായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദൃശ്യങ്ങളുടെ തുടക്കത്തിൽ, ബ്രസ്ലാവ്‌സ്‌കിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗം അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവന അവർ ആവർത്തിക്കുകയായിരുന്നു. ഇത് വീഡിയോ നേരത്തെ റെക്കോർഡ് ചെയ്തതാകാം എന്നാണ് സൂചന. ഏപ്രിൽ 16-ന് ബ്രസ്ലാവ്‌സ്‌കിയുടെ മറ്റൊരു വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു.
ഒക്ടബോർ ഏഴിന് ഹമസിന്റെ ആക്രമണത്തിനിടെ സംഗീതോത്സവത്തിൽ പങ്കെടുത്ത ഒട്ടേറെപേരെ രക്ഷിക്കാൻ ബ്രസ്ലാവ്‌സ്‌കി സഹായിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇസ്രയേലി സൈന്യത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബറിൽ തെക്കൻ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ 251 പേരെ ബന്ദികളാക്കിയിരുന്നു. ഇവരിൽ 49 പേർ ഇപ്പോഴും ഗാസയിൽ തടവിലുണ്ടെന്നാണ് കരുതുന്നത്. ഇതിൽ 27 പേർ മരിച്ചതായും വിശ്വസിക്കപ്പെടുന്നു.
ഈ ആക്രമണത്തെ തുടർന്നാണ് ഇസ്രയേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചത്. ഈ വർഷം ജനുവരി 19 മുതൽ മാർച്ച് 17 വരെ 1,800 പലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി 33 ബന്ദികളെ മോചിപ്പിച്ചിരുന്നു. ഇവരിൽ എട്ടുപേർ മരിച്ചവരായിരുന്നു.