ഹെൽത്ത്കെയർ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയേകാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബയോനെസ്റ്റ് (BioNEST) ഇൻക്യുബേറ്റർ

കൽപറ്റ:ഹെൽത്ത്കെയർ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിന് വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് (ഡിഎംഎംസി) ബയോടെക്നോളജി ഇൻഡസ്ട്രി റിസേർച്ച് അസിസ്റ്റൻസ് കൗൺസിലിന്റെ (ബിരാക്, BIRAC) അനുമതി ലഭിച്ചു. ആഗോള നിലവാരത്തിനോട് കിടപിടിക്കുന്ന ബയോ ഇൻക്യുബേഷൻ സംവിധാനങ്ങൾ ഒരുക്കുന്നതിനായി ബിരാക് നടപ്പാക്കുന്ന ബയോനെസ്റ്റ് സ്‌കീമിന് (ബയോഇൻക്യുബേറ്റേഴ്സ് നർച്ചറിങ് ഓൺട്രപ്രിണർഷിപ്പ് ഫോർ സ്‌കേലിങ് ടെക്നോളജീസ് സ്‌കീം) കീഴിലാണ് സംവിധാനം ഒരുക്കുന്നത്.

Advertisements

ബയോടെക്, ബയോമെഡ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഡിജിറ്റൽ ഹെൽത്ത്, ഹേൽത്ത്കെയർ ഇക്കണോമിക്സ്/ മാനേജ്മെന്റ്, ബ്ലോക്ചെയ്ൻ, ബയോഇൻഫോമാറ്റിക്സ് തുടങ്ങിയവ ഉൾപ്പെട്ട ഹെൽത്ത്കെയർ ടെക്നോളജികളിലാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഡിഎംഎംസിയിലെ ബയോനെസ്റ്റിൽ 11,000 ച.അടി സ്ഥലമാണ് ഇൻക്യുബേഷനായി സജ്ജമാക്കിയിരിക്കുന്നത്. 6.5 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന പദ്ധതിച്ചെലവ്. ആദ്യ ഘട്ടത്തിൽ 10 സ്റ്റാർട്ടപ്പുകൾക്ക് നേരിട്ടും 5 മുതൽ 10 സ്റ്റാർട്ടപ്പുകൾക്ക് വെർച്വലായും സഹായം നൽകാനാണ് ഡിഎംഎംസി ബയോനെസ്റ്റ് ഉദ്ദേശിക്കുന്നത്. ബിരാക് ശൃംഖലയിൽ നിന്നുള്ള 3 സ്റ്റാർട്ടപ്പുകൾക്ക് ഡിജിറ്റൽ ഹെൽത്ത്, ഹെൽത്ത്കെയർ ആൻഡ് ബയോമെഡിക്കൽ ടെക്നോളജി ഡെവലപ്മെന്റ് എന്നീ രംഗങ്ങളിൽ എല്ലാ വർഷവും ഫീൽഡ് വാലിഡേഷൻ സൗകര്യമൊരുക്കും. ആദ്യ ഘട്ടത്തിൽ 30 സ്റ്റാർട്ടപ്പുകൾ ബയോനെസ്റ്റിൽ നിന്നും വിജയകരമായി ഇൻക്യുബേറ്റ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഭ്യന്തരമായി വികസിപ്പിക്കുന്ന ഹെൽത്ത്കെയർ സാങ്കേതികവിദ്യകൾ നിലവിൽ രാജ്യത്ത് വളരെ കുറവാണ്. മിക്ക ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യപ്പെടുകയാണ്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കായി ഇന്ത്യ ആശ്രയിക്കുന്നത് മറ്റു രാജ്യങ്ങളെയാണ്. രാജ്യത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളിൽ 80%-വും ഇറക്കുമതി ചെയ്യപ്പെടുകയാണെന്നാണ് ഈയടുത്ത് പുറത്തിറങ്ങിയ കണക്കുകൾ വ്യക്തമാക്കുന്നത്. ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ സാങ്കേതികവിദ്യകളിൽ പലതും ഇന്ത്യയിലെ ജനങ്ങൾക്ക് അനുയോജ്യമായതല്ല. അതുകൊണ്ട് തന്നെ അവ നേരിട്ട് ഉപയോഗിക്കാനുമാകില്ല.
ആരോഗ്യപരിചരണ രംഗത്ത് ഉൾപ്പെടെ നിരവധി പുതിയ സാങ്കേതികവിദ്യകളുടെ കാലഘട്ടമാണ് ഇതെന്നും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോനെസ്റ്റ് ഇൻക്യുബേറ്റർ പുതിയ ഗവേഷണങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും പ്രചോദനമാകുമെന്നും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കണ്ടുപിടുത്തങ്ങൾ വിപണനം ചെയ്യാവുന്ന ഉത്പന്നങ്ങളായും സാങ്കേതികവിദ്യകളായും മാറ്റാനും അതിലൂടെ ലാബിൽ നിന്നും വിപണിയിലേക്കുള്ള സമയം ലാഭിക്കാനും സ്റ്റാർട്ടപ്പുകൾക്ക് സ്വന്തം കാലിൽ നിൽക്കാനും ബയോനെസ്റ്റ് ഇൻക്യുബേറ്റർ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഡിക്കൽ, എഞ്ചിനീയറിങ്, ഫാർമ, വെറ്ററിനറി, ബയോടെക് മേഖലകളിൽ നിന്നുള്ള യുവസംരംഭകർക്കും ഹെൽത്ത്കെയർ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും കേരളത്തിനകത്തും പുറത്തുമുള്ള സെന്ററുകളുമായി ഇൻക്യുബേറ്റർ മെന്റർഷിപ്പിനും കോ-ഡെവലപ്പ്മെന്റിനും പരിശീലനത്തിനും സഹകരിച്ച് പ്രവർത്തിക്കാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ബയോനെസ്റ്റ് വേദിയൊരുക്കുമെന്നും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ജനസംഖ്യയിൽ 20% ആദിവാസികളും വളരെ കുറഞ്ഞ മെഡിക്കൽ സൗകര്യങ്ങളുമുള്ള പിന്നോക്ക ജില്ലയായ വയനാട്ടിലാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജുള്ളത് എന്നതുകൊണ്ട് ഇവിടുത്തെ ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിചരണവും വിദ്യാഭ്യാസ സൗകര്യങ്ങളും ലഭ്യമാക്കി പ്രാദേശിക വികസനത്തിന് സഹായകമാകാനും മെഡിക്കൽ കോളേജിലെ ബയോനെസ്റ്റ് ലക്ഷ്യമിടുന്നു. ഇതിലൂടെ സാങ്കേതികവിദ്യ വികസനത്തിന് യുവ പ്രതിഭകളെ വാർത്തെടുക്കാനും സാധിക്കും. ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ്, അപ്ലൈഡ് മെറ്റീരിയൽസ്, മതർസൺ, ഇന്റൽ പിക്സൽ – ഫ്യൂജി ഫിലിം, കാർപ്പ്ൾ എന്നീ സ്ഥാപനങ്ങളാണ് നിലവിൽ സംരംഭത്തിലെ പങ്കാളികൾ.

Hot Topics

Related Articles