കടുത്തുരുത്തി: അമിത വേഗതയിൽ എത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. റോഡിൽ നിന്നും തെന്നിമാറിയ ഓട്ടോറിക്ഷ ഓടയിലേയ്ക്കു മറിഞ്ഞാണ് ഡ്രൈവർക്ക് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ആപ്പാഞ്ചിറ സ്വദേശി ജയദേവി (31)നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ ഏറ്റുമാനൂർ – തലയോലപ്പറമ്പ് റോഡിൽ കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന് സമീപം ചിറപ്പുറം വളവിലാണ് അപകടം. വളവിൽ അമിത വേഗത്തിൽ ലോറിയെ മറികടന്ന് കടുത്തുരുത്തി ഭാഗത്തേയ്ക്ക് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെയാണ് ആപ്പാഞ്ചിറയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞത്. കടുത്തുരുത്തി പൊലീസ് കേസെടുത്തു.