തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ പ്രഗ്നനൻസിയിലൂടെ മലയാളികളായ സഹദിനും സിയക്കും കുഞ്ഞു പിറന്നതിൽ പ്രതികരണവുമായി എം കെ മുനീർ എംഎൽഎ. ട്രാൻസ് ദമ്പതികൾക്ക് കുഞ്ഞുപിറന്നതിൽ പുരുഷന് കുഞ്ഞു പിറന്നു എന്ന തരത്തിൽ പ്രചാരണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. പുരുഷൻ പ്രസവിച്ചു എന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും എംഎൽഎ വിമർശിച്ചു. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരുഷൻ പ്രസവിച്ചു എന്ന പ്രചാരണമാണ് മാദ്ധ്യമങ്ങൾ പോലും നൽകുന്നത്. ട്രാൻസ്മാന് പ്രസവിക്കാനാകില്ല എന്നത് ആദ്യം മനസിലാക്കണം. പുറംതോടിൽ പുരുഷനായി മാറിയെങ്കിലും യഥാർത്ഥത്തിൽ സ്ത്രീയായതിനാലാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിച്ചു എങ്കിൽ അത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിച്ച സഹദിനും പുരുഷനായി ജനിച്ച് സ്ത്രീയായി ജീവിച്ച സിയയ്ക്കും കഴിഞ്ഞ ദിവസമാണ് കുഞ്ഞു പിറന്നത്. കോഴിക്കോട് മെഡിക്കൽകോളേജ് മാതൃശിശുസംരക്ഷണകേന്ദ്രത്തിലായിരുന്നു പ്രസവം. പ്രസവിച്ച സഹദിനെ അച്ഛനെന്നും അതിനു നിമിത്തമായ സിയയെ അമ്മയെന്നും വിളിക്കുന്ന അപൂർവ ജീവിതത്തിലേക്കാണ് കുഞ്ഞിന്റെ പിറവി. രാജ്യത്തെ തന്നെ ആദ്യ ട്രാൻസ് പ്രഗ്നൻസിയ്ക്ക് പങ്കാളികളായി മാറിയ മലപ്പുറം സ്വദേശിനിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദും ട്രാൻസ് കമ്മ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞ ഇരുവരും കോഴിക്കോടെത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഹോർമോൺ തെറാപ്പി നടത്തി സഹദിന്റെ മാറിടം നീക്കം ചെയ്തിരുന്നു. ഗർഭപാത്രം നീക്കം ചെയ്യാനുള്ള ഘട്ടമെത്തിയപ്പോഴാണ് സ്വന്തമായി ഒരു കുഞ്ഞെന്ന മോഹം ഇരുവർക്കുമുണ്ടായത്. സിയ ആ സമയത്ത് ട്രാൻസ് സ്ത്രീ ആവാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയ ആയിരുന്നുമില്ല. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹദ് ചികിത്സ തുടങ്ങിയത്. രണ്ടാമത്തെ ഗർഭധാരണമാണ് വിജയം കണ്ടത്. സഹദിന്റെ മാറിടം നീക്കം ചെയ്തതിനാൽ ജനിക്കുന്ന കുഞ്ഞിന് മിൽക്ക് ബാങ്ക് വഴിയാണ് മുലപ്പാൽ നൽകുക.