ഗർഭിണികളും പ്രായമുള്ളവരും മാസ്ക് ധരിക്കണം; ചൈനയിലെ പുതിയ വൈറസ് വ്യാപനത്തെ തുടർന്ന് നിർദേശവുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ചൈനയില്‍ വൈറല്‍ പനിയും ന്യൂമോണിയയും വ്യാപിക്കുന്നുവെന്ന് വാർത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മഹാമാരിയാകാൻ സാധ്യതയുള്ളതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടർന്നു പിടിക്കുന്നതോ ആയ വൈറസുകളൊന്നും ചൈനയില്‍ ഈ അവസരത്തില്‍ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എന്നാല്‍ മലയാളികള്‍ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും ജാഗ്രത പുലർത്തണമെന്ന് മന്ത്രി ഇറക്കിയ വാർത്താകുറിപ്പില്‍ പറയുന്നു.

Advertisements

3 തരത്തിലുള്ള വൈറസുകളാകാം ചൈനയില്‍ ഭീതി പടർത്തുന്ന രീതിയില്‍ ശ്വാസകോശ അണുബാധകള്‍ ഉണ്ടെങ്കില്‍ അവക്ക് കാരണമാവുന്നത്. ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങള്‍, ഇൻഫ്ലുവൻസ എ വൈറസ്ബാധകള്‍ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങള്‍ ഇവയില്‍ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ നാം കരുതിയിരിക്കണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മേല്‍പ്പറഞ്ഞ മൂന്നുതരം വൈറസുകളില്‍ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് ആണ് താരതമ്യേന നമുക്ക് അപരിചിതമായ വൈറസ്. ഈ വൈറസിനെ കണ്ടെത്തിയത് 2001ല്‍ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തില്‍ കൂടുതലായി കേരളം ഉള്‍പ്പെടെ ലോകത്തിന്റ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും, പ്രത്യേകിച്ചും കുട്ടികളില്‍ ഈ വൈറസ് വ്യാപനം ഉണ്ടായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. നമുക്ക് തന്നെ മുൻപ് വന്നുപോയ ജലദോഷപ്പനി ഈ വൈറസ് കാരണമാകാം. അതുകൊണ്ടുതന്നെ എച്ച്‌എംപി വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. കേരളത്തിലും കുട്ടികളില്‍ ഈ വൈറസ് കൊണ്ടുള്ള അണുബാധകളും ചില അവസരങ്ങളില്‍ ന്യൂമോണിയകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ രോഗം കണ്ടെത്താനുള്ള സംവിധാനങ്ങളും ഉണ്ട്.
വൈറസില്‍ കാര്യമായ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടില്ലെങ്കില്‍ എച്ച്‌എംപി വൈറസ് വളരെയധികം ഭീതി വരുത്തുന്ന ഒരു സാഹചര്യം സൃഷ്ടിക്കാൻ സാധ്യത കുറവാണ്. എങ്കിലും നമ്മുടെ നാട്ടില്‍ പ്രത്യേകിച്ച്‌ കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതാണ്. അതാണ് നിലവില്‍ നാം ചെയ്യുന്നത്. അതോടൊപ്പം ചൈന ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നവരെയും പ്രത്യേകമായി നിരീക്ഷിക്കും.

എന്നാല്‍ പ്രവാസികള്‍ക്ക് പ്രത്യേകമായ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ നിലവില്‍ ആവശ്യമില്ല. നേരത്തെ പറഞ്ഞ വൈറസ് വിഭാഗങ്ങളില്‍ രണ്ടാമത്തേത് കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങളാണ്. മറ്റൊരു മഹാമാരിയാകാൻ സാധ്യത കല്‍പിക്കപ്പെടുന്ന വൈറസുകളില്‍ കോവിഡ് 19 ന്റെ പുതിയ ജനിതക വ്യതിയാനങ്ങള്‍ക്ക് ഇപ്പോഴും പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ചൈനയില്‍ ചർച്ച ചെയ്യപ്പെടുന്ന തരത്തില്‍ ന്യൂമോണിയ രോഗം പടരുന്നുണ്ടെങ്കില്‍, അതിന് കാരണങ്ങളില്‍ ഒന്ന് കോവിഡിന്റെ പുതിയ ജനിതകവ്യതിയാനങ്ങള്‍ ആണെങ്കില്‍ നാം കരുതിയിരിക്കണം. എങ്കിലും നേരത്തെ തന്നെ കോവിഡ് വന്നിട്ടുള്ള ആളുകള്‍ക്കും കോവിഡ് രോഗത്തിനെതിരെ വാക്സിൻ സ്വീകരിച്ചിട്ടുള്ള ആളുകള്‍ക്കും പുതിയ ജനിതക വ്യതിയാനം അപകടകരമായ രോഗാവസ്ഥ ഉണ്ടാക്കാൻ സാധ്യത കുറവാണ്.

പക്ഷേ അണുബാധ പടരുന്ന സാഹചര്യം ഉണ്ടായാല്‍ പ്രായമുള്ളവരെയും രോഗികളെയും അത് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ നാം കരുതിയിരിക്കണം. ഇനിയും പൂർണമായി അപ്രത്യക്ഷമായിട്ടില്ലാത്ത കോവിഡ് 19 ജനിതക വ്യതിയാനങ്ങള്‍ തിരിച്ചുവരുന്ന ഒരു സാഹചര്യം ഉണ്ടായാലും അതിനെ നേരിടാനും സംസ്ഥാനം സുസജ്ജമാണ്. സംസ്ഥാനത്തെവിടെയും കോവിഡ് 19 സമാനമായ ലക്ഷങ്ങള്‍ ക്ലസ്റ്ററുകളായി രൂപപ്പെടുന്ന സാഹചര്യം നേരിടാൻ നാം തയ്യാറായിരിക്കണം.

ഗർഭിണികളായ സ്ത്രീകള്‍ മാസ്കുകള്‍ ഉപയോഗിക്കുകയും ശ്വാസകോശ അണുബാധയുള്ള ആളുകളില്‍ നിന്നും അകലം പാലിക്കുകയും വേണം. ഹ്യൂമൻ മെറ്റാന്യൂമോണിയ വൈറസ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതല്‍ ബാധിക്കാൻ സാധ്യതയുള്ളതിനാല്‍ അവരും മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവർ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പുലർത്തണം. രോഗങ്ങള്‍ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്കൂളില്‍ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവർ തീർച്ചയായും മാസ്കുകള്‍ ഉപയോഗിക്കണം. നിലവില്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും രീതിയില്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ള രോഗാണുബാധ കണ്ടെത്തുന്ന പക്ഷം വളരെ വേഗത്തില്‍ തന്നെ അതിനെ നിയന്ത്രിക്കാനും നമുക്ക് കഴിയുമെന്നും മന്ത്രി ഇറക്കിയ വാർത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.