ന്യൂസ് ഡെസ്ക് : മനുഷ്യശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം. ഉള്ളിലേയ്ക്ക് എടുക്കുന്ന ശ്വാസത്തില്‍ നിന്ന് ഓക്സിജനെ വേര്‍തിരിച്ച് രക്തത്തില്‍ കലര്‍ത്തി വിടുന്നതും കാര്‍ബണ്‍ ഡൈഓക്സൈഡിനെ പുറന്തള്ളുന്നതും ശ്വാസകോശത്തിന്‍റെ മുഖ്യ ജോലിയാണ്.ശ്വാസകോശത്തിന് ബാധിക്കുന്ന പല തരത്തിലുള്ള രോഗങ്ങള്‍ ഈ പ്രക്രിയയെ തടസപ്പെടുത്തുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യും.
പലപ്പോഴും ചിട്ടയില്ലാത്ത ജീവിതശൈലിയാണ് ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി, മലിനവായു,ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം വിടുമ്ബോള്‍ വേദനയും ബുദ്ധിമുട്ടും, നിരന്തരമായ ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, നിരന്തരം നെഞ്ചു വേദന, കഫം കെട്ടല്‍ തുടങ്ങിയവയെല്ലാം ശ്വാസകോശം സംബന്ധമായ രോഗങ്ങളെ സൂചിപ്പിക്കുന്നു. ശ്വാസകോശത്തിന്‍റെ അനാരോഗ്യം സംബന്ധിച്ച ചില സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്ന്…
ശ്വസിക്കാന്‍ ബുദ്ധിമുട്ടാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നടക്കുമ്പോഴോ പടികള്‍ കയറുമ്പോഴോ മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ കിതപ്പും ശ്വാസംമുട്ടും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ശ്വാസകോശത്തിന്‍റെ അനാരോഗ്യം സംബന്ധിച്ച സൂചനയാകാം. കിടക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടലും ശ്രദ്ധിക്കേണ്ട കാര്യമാണ്. ചിലരില്‍ ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുടെ സൂചനകൂടിയായിരിക്കും. അതിനാല്‍, ഇത്തരത്തില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് കാണുന്നപക്ഷം ഒരു ആരോഗ്യ വിദഗ്ധനെ സമീപിക്കുക.
രണ്ട്…
ശ്വാസം വിടുമ്പോള്‍ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുന്നതും ശ്വാസകോശത്തിന്‍റെ അനാരോഗ്യം ആണ് സൂചിപ്പിക്കുന്നത്.
മൂന്ന്…
നിര്‍ത്താതെയുള്ള ചുമയും ശ്വാസകോശ രോഗത്തിന്‍റെ ലക്ഷണമായിരിക്കും. എട്ട് ആഴ്‌ചയില്‍ ഏറെ ചുമ മാറാതെയിരുന്നാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
നാല്…
ചുമയ്ക്കുമ്പോള്‍ രക്തം പുറത്ത് വരുന്നതും ചിലപ്പോള്‍ ശ്വാസകോശം അപകടത്തിലാണ് എന്നതിന്‍റെ സൂചനയാകാം.
അഞ്ച്…
കഫമോ, മൂക്കില്‍ക്കൂടിയുള്ള സ്രവങ്ങളോ ഉണ്ടാകുന്നുണ്ടെങ്കില്‍ ശ്വാസകോശം സംബന്ധിച്ച അസുഖങ്ങളുടെ സൂചനയാകാം. ആസ്‌ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കഫക്കെട്ട് ഉണ്ടാകും. തുടര്‍ച്ചയായി മൂന്നുമാസത്തിലേറെ ചുമയും കഫക്കെട്ടും മാറാതെയിരുന്നാല്‍ അത് ശ്വാസകോശരോഗത്തിന്‍റെ സൂചനയായിരിക്കും. കഫത്തിലുണ്ടാകുന്ന നിറവ്യത്യാസവും ശ്രദ്ധിക്കണം.
ആറ്…
നെഞ്ചുവേദനയാണ് മറ്റൊരു പ്രധാന ലക്ഷണം. സാധാരണഗതിയില്‍ ഹൃദയസംബന്ധമായ അസുഖമോ, ഗ്യാസ്‌ട്രബിളോ ഉള്ളപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. എന്നാല്‍ ചിലരിലെങ്കിലും ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തിന് സൂചനയായി നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. ശ്വാസകോശത്തില്‍ അണുബാധ, രക്തം കട്ടപിടിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്.
ഏഴ്…
സാധാരണഗതിയില്‍ ആസ്ത്മയുടെ ലക്ഷണമാണ് വലിവ്. ശ്വാസമെടുക്കുമ്ബോള്‍ കഫം കുറുകിയുണ്ടാകുന്ന ശബ്ദമാണ് വലിവായി അനുഭവപ്പെടുന്നത്. ശ്വാസകോശത്തിലെ അനാരാഗ്യം കാരണം ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. ശ്വാസകോശത്തില്‍ അണുബാധ ഉള്ളപ്പോഴും ഇങ്ങനെ അനുഭവപ്പെടാം.