കടുത്തുരുത്തി: വെള്ളപ്പൊക്കത്തെ തുടർന്ന് കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവർ ദുരിതത്തിൽ. മൂന്ന് ദിവസമായി നിലയ്ക്കാതെ ചെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും മൂലം പഞ്ചായത്തിലെ ആയാംകുടി പള്ളിത്താഴം, എഴുമാന്തുരുത്ത്, കൊല്ലംകരി, എരുമത്തുരുത്ത്, വെള്ളാശ്ശേരി പാടശേഖരം, മാന്നാർ മിച്ചഭൂമി, എന്നിവിടങ്ങളിലെ മിക്ക വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. വളരെ ചുരുക്കം വീടുകളിൽ മാത്രമാണ് വെള്ളം കയറാത്തത്.
കയറാത്ത വീടുകളിൽ മഴ കനത്താൽ വെള്ളം കയറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനം കണ്ടെങ്കിലും വൈകിട്ടോടെ വീണ്ടും മഴ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തേക്കാളും ജലനിരപ്പ് കൂടുതലാണ് ഈ പ്രദേശങ്ങളിലെല്ലാം. എഴുമാന്തുരുത്തിലേക്കുള്ള റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് അങ്ങോട്ടുള്ള പ്രൈവറ്റ് ബസുകൾ ആയാംകുടി മലപ്പുറം പള്ളിവരെയാണ് സർവ്വീസ് നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ഗ്രാമവണ്ടി മാത്രമാണ് വ്യാഴാഴ്ച വൈകിട്ട് വരെ എഴുമാന്തുരുത്തിലൂടെ സർവ്വീസ് നടത്തിയത്. ഇവിടെ നിന്ന് പുറത്തേക്ക് ജോലിക്കും മറ്റാവശ്യങ്ങൾക്കും പോകുന്നവർക്ക് ബസിൽ കയറണമെങ്കിൽ മലപ്പുറം പള്ളിത്താഴം വരെ വെള്ളത്തിലൂടെ നടന്നെത്തണം. അതിനാൽ സ്വകാര്യ ബസ്സുകൾ എഴുമാന്തുരുത്ത് വരെ സർവ്വീസ് നടത്താത്തത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കല്ലറ പഞ്ചായത്തിന്റെ ഒന്നാം വാർഡായ മുണ്ടാറിൽ പാറയിൽ കോളനിക്ക് പടിഞ്ഞാറുള്ള വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. എഴുമാന്തുരുത്തിൽ നിന്ന് പാലം കടന്ന് പാറയിലേക്ക് പോകുന്ന വഴിയിലും വെള്ളം കയറിയതിനെ തുടർന്ന് യാത്ര ബുദ്ധിമുട്ട് ആയിരിക്കുകയാണ്.