കോട്ടയം : മഴപെയ്താലും പെയ്തില്ലെങ്കിലും ഒരു റോഡ് നിറയെ വെള്ളം ! തിരുവാതുക്കൽ മാന്താർ പ്രദേശത്താണ് റോഡ് നിറയെ വെള്ളം കെട്ടിക്കിടക്കുന്നത്. രണ്ടുമാസം മുമ്പ് പൊട്ടിയ പൈപ്പിൽ നിന്നുള്ള ശുദ്ധജലമാണ് റോഡിലൂടെ പടർന്നൊഴുകുന്നത്. ശുദ്ധജലം പൈപ്പിലൂടെ പടർന്നൊഴുകുന്നതോടെ നാട്ടുകാരും ദുരിതത്തിലായി. ഒരടി പോലും നടക്കാനാവാത്ത സ്ഥിതിയാണുള്ളത്. റോഡ് മുഴുവൻ വെള്ളം പടർന്നൊഴുകുന്നത് കാൽനട പോലും ദുസഹമാക്കി മാറ്റിയിട്ടുണ്ട്.
നിരവധിതവണ നാട്ടുകാർ വാട്ടർ അതോറിറ്റി അധികൃതർക്കടകം പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. കോട്ടയം നഗരസഭയുടെ 24 വാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് ഇത്. നിരവധി കുടുംബങ്ങളാണ് ഈ റോഡിനെ യാത്രാ മാർഗമായി ഉപയോഗിക്കുന്നത്. ഈ റോഡിലാണ് ഇപ്പോൾ പൈപ്പ് പൊട്ടി ശുദ്ധജലം വലിയ തോതിൽ പാഴാകുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടും അധിക ആരും തന്നെ കൃത്യമായ ഇടപെടൽ നടത്തുന്നില്ല. അടിയന്തരമായി റോഡ് നന്നാക്കാൻ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുമെന്നാണ് നാട്ടുകാർ അറിയിക്കുന്നത്.