കുറവിലങ്ങാട് : മഴ തോരാതെ പെയ്തെങ്കിലും തിളങ്ങുന്ന മഞ്ഞപ്പട്ടുടുത്ത്, മയിൽപ്പീലി ചൂടി, മുഖത്ത് കുസൃതിച്ചിരികളുമായി ഉണ്ണിക്കണ്ണന്മാരെത്തി. മുഴങ്ങുന്ന കൃഷ്ണസ്തുതികൾക്കു നടുവിൽ അച്ഛനമ്മമാർക്കൊപ്പം നിന്ന ഓരോരുത്തരും ആഹ്ലാദത്തിമിർപ്പിലായിരുന്നു.ഗോപികമാരുടെ കൈ പിടിച്ചും ഓടക്കുഴൽ ചുണ്ടോടുചേർത്തും അവർ നിന്നു. താളമേളങ്ങളും ആർപ്പുവിളികളും മുഴങ്ങിയതോടെ, മഴയെ വകവെക്കാതെ ബാലഗോപാലന്മാർ വീഥിയിലേക്കിറങ്ങി.
ആരവങ്ങൾക്കിടയിലും നിറപ്പകിട്ടുള്ള വസ്ത്രങ്ങളിൽ പരസ്പരം തൊട്ടുനോക്കിയും മഴയത്ത് ഓടിക്കളിച്ചും രാധമാരും ഗോപികമാരും കുസൃതി കാട്ടുന്പോൾ കണ്ടുനിന്നവരുടെയും മനം നിറഞ്ഞു. അമ്മമാരുടെ ഒക്കത്തിരുന്ന് ചിണുങ്ങുന്ന ഉണ്ണിക്കണ്ണന്മാരും സ്ഥലത്തുണ്ടായിരുന്നു. വീഥികളെ വർണാഭമാക്കി കണ്ണന്മാരും രാധമാരും ഗോപികമാരും യാത്ര തുടങ്ങി.കനത്ത മഴയിലും ഭക്തിയും കൗതുകക്കാഴ്ചകളും ചോരാത്തതായിരുന്നു ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷം. നൂറിലധികം കേന്ദ്രങ്ങളിൽ ആഘോഷപരിപാടികളും ക്ഷേത്രങ്ങളിൽ പൂജകളും നടന്നു. ജില്ലയിൽ 400-ഓളം ശോഭായാത്രകളും നടന്നു തുടർന്ന് ക്ഷേത്രങ്ങളിൽ വിവിധ കലാപരിപാടികൾ അന്നദാനം. പ്രസാത വിതരണം എന്നിവയും നടന്നു.