പത്തനംതിട്ട: ജില്ലയില്‍ ശക്തമായി തുടരുന്ന വേനല്‍മഴയില്‍ വ്യാപക നാശം. റാന്നി, കോന്നി, മല്ലപ്പള്ളി മേഖലയിലാണ് കൂടുതല്‍ നാശനഷ്ടം. ഒരുവീട് പൂര്‍ണമായും 40 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് പ്രാഥമിക കണക്ക്. കൃഷി, വൈദ്യുതി മേഖലകളില്‍ ഉള്‍പ്പെടെയുള്ളവയുടെ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ.
ശക്തമായ കാറ്റാണ് മിക്ക പ്രദേശത്തും ഉണ്ടായത്. മരം വീടുകള്‍ക്ക് മുകളില്‍ വീണ് ഒട്ടേറെ നാശം സംഭവിച്ചു. എവിടെയും ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. വരുംദിവസങ്ങളിലും വേനല്‍മഴ ശക്തമാകാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല്ലപ്പള്ളിയിലാണ് ഒരുവീട് പൂര്‍ണമായും തകര്‍ന്നത്. 95,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മല്ലപ്പള്ളി -19, റാന്നി -11, കോന്നി -10 എന്നിങ്ങനെയാണ് ഭാഗികമായി വീടുകള്‍ തകര്‍ന്നത്. മൊത്തം 9,62,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂടുതല്‍ നഷ്ടം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. മാര്‍ച്ച് മുതല്‍ ഈ മാസം എട്ടുവരെ ജില്ലയില്‍ ലഭിച്ച വേനല്‍ മഴ 212.2 മി.മീ. ആണ്. സാധാരണഗതിയില്‍ ലഭിക്കേണ്ടത് 106.8 മി.മീ. ആണ്. ലഭിച്ചത് ഇരട്ടിയിലേറെ മഴ. പകല്‍നേരത്തെ ചൂടിനും അല്‍പം കുറവുണ്ട്. വേനല്‍മഴ മൂലം കുടിവെള്ളക്ഷാമം നേരിട്ട കുറെ പ്രദേശങ്ങളില്‍ അല്‍പം ശമനമായി. ശനിയാഴ്ച ജില്ലയില്‍ ഉച്ചമുതല്‍ വ്യാപകമായി ശക്തമായ മഴപെയ്തു. ചിലയിടങ്ങളില്‍ കാറ്റില്‍ നാശമുണ്ടായി.
മൂന്നുദിവസമായി പെയ്യുന്ന കനത്ത കാറ്റിലും മഴയിലും പന്തളത്ത് കനത്ത നാശം. ചേരിയ്ക്കല്‍, നെല്ലിക്കല്‍ ഭാഗത്ത് വീടിനു മുകളിലേക്ക് മരംവീണ് വീടിന് ഭാഗിക നാശം നേരിട്ടു. ചില വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. വ്യാപകമായി വൈദ്യുതി തൂണുകള്‍ നശിച്ചു. വീടിന് മുകളില്‍ പ്ലാവിന്‍റെ ശിഖരവും റബര്‍ മരവും ഒടിഞ്ഞുവീണു. രണ്ട് വൈദ്യുതി തൂണുകളും ഒടിഞ്ഞു.
കുരമ്ബാല, പുഴിയക്കാട്, കുളനട എന്നിവിടങ്ങളിലും വ്യാപക നാശമുണ്ടായി. മേഖലയില്‍ വൈദ്യുതി നിലച്ചു. പൂര്‍ണതോതില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ ഇനിയും സമയം വേണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പന്തളം തെക്കേക്കര, തുമ്പമണ്‍ പഞ്ചായത്തുകളിലും കനത്ത കാറ്റ് വീശുകയും കനത്ത മഴ പെയ്യുകയും ചെയ്തു. വ്യാപകമായി കൃഷിനാശവും ഉണ്ട്. ഗതാഗതത്തിന് ഭീഷണിയായി ഒട്ടേറെ മരങ്ങള്‍ റോഡരികിലുണ്ട്. ഇവ മുറിച്ചുനീക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നതാണ്.
പത്തനംതിട്ട-ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി പങ്കിടുന്ന കരിങ്ങാലി ചിറ്റിലപ്പാടത്തെ 140 ഏക്കര്‍ പാടശേഖരത്തില്‍ വിളവെടുപ്പിന് പാകമായ ജ്യോതി ഇനത്തില്‍പെട്ട നെല്ല് ശക്തമായ കാറ്റിലും മഴയിലും പൂര്‍ണമായും നശിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു നെല്ല് വിതച്ചത്. 49 പേര്‍ ചേര്‍ന്നാണ് വിശാലമായ പാടശേഖരത്തില്‍ കൃഷി ഇറക്കിയത്. എല്ലാ വര്‍ഷവും സപ്ലൈകോ കര്‍ഷകരില്‍നിന്ന് നെല്ല് സംഭരിക്കും. 110 മുതല്‍ 120 ദിവസം വരെയെത്തി വിളവെടുക്കാന്‍ പാകമായ നെല്ലാണ് ഉപയോഗശൂന്യമായതെന്ന് ചിറ്റിലപാടം നെല്ലുല്‍പാദക സമിതി പ്രസിഡന്‍റ് കെ.എന്‍. രാജന്‍, സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.