ദാന ചുഴലിക്കാറ്റ്; സംസ്ഥാനത്ത് പരക്കെ മഴ തുടരും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യ-തെക്കൻ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Advertisements

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴ ഇതുവരെ തോര്‍ന്നിട്ടില്ല. പൊൻമുടി കല്ലാര്‍ മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടു. അരുവിക്കര അടക്കം ജലസംഭരണികളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. കൊല്ലത്ത് ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. നീരൊഴുക്ക് വർധിച്ചതോടെ പാലരുവി വെള്ളച്ചാട്ടത്തില്‍ സന്ദർശകർക്ക് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പ്രവേശനമുണ്ടാകില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ തെൻമല ഡാമില്‍ ജലനിരപ്പ് ഉയർന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ദാന ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് കേരളത്തിലും ശക്തമായ മഴ പെയ്യുന്നത്. അതേസമയം, ഒഡീഷ – പശ്ചിമബംഗാള്‍ തീരം തൊട്ട ദാന ചുഴലിക്കാറ്റ് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി പറഞ്ഞു. പലയിടങ്ങളിലും വീടുകള്‍ തകർന്നു, മരങ്ങള്‍ കടപുഴകിവീണു, വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. ശക്തമായ മഴയും തുടരുന്നതിനാല്‍ ജാഗ്രത തുടരുകയാണ്. ഇന്നലെ അർദ്ധരാത്രി കരതൊട്ട ചുഴലിക്കാറ്റ് രാവിലെ 8 മണിയോടെ പൂർണമായും കരയിലേക്ക് പ്രവേശിച്ചു. അടുത്ത ആറ് മണിക്കൂറിന് ശേഷം ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറും. ഒഡീഷയിലും പശ്ചിമബംഗാളിലെയും വിമാനത്താവളങ്ങളുടെ അടക്കം പ്രവർത്തനം പുനരാരംഭിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി ഒഡീഷയില്‍ അഞ്ച് ലക്ഷത്തിലധികം പേരെയും, പശ്ചിമബംഗാളില്‍ രണ്ടര ലക്ഷം പേരെയും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

Hot Topics

Related Articles