കോട്ടയം: ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സിഗ്്നൽ ലൈറ്റുകൾ കഞ്ഞിക്കുഴിയിൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ, പെരുമഴയിൽ നനഞ്ഞ് കുളിച്ച് ഗതാഗതം നിയന്ത്രിച്ച് പൊലീസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയം നഗരത്തിൽ കനത്ത മഴ പെയ്യുമ്പോഴാണ് കഞ്ഞിക്കുഴിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ പെരുമഴയിൽ നനഞ്ഞു കുളിച്ച് നിന്നത്. കഞ്ഞിക്കുഴിയിൽ ഒരു വർഷം മുൻപ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ലൈറ്റുകൾ ഇതുവരെയും പ്രവർത്തിച്ച് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് പ്രവർത്തിപ്പിച്ചെങ്കിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ് എന്നു ചൂണ്ടിക്കാട്ടി സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് കഞ്ഞിക്കുഴിയിലെ പെരുമഴയിൽ കുളിച്ച് നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ ട്രാഫിക് നിയന്ത്രിക്കുന്നത്. പാമ്പാടി, മണർകാട്, കോട്ടയം, ദേവലോകം, പാറമ്പുഴ എന്നിവിടങ്ങളിൽ നിന്നെല്ലാം വാഹനങ്ങൾ ഈ റോഡിലേയ്ക്കാണ് എത്തുന്നത്. ഈ റോഡിൽ ട്രാഫിക് ഐലൻഡിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും, കുരിശിനു സമീപത്ത് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും അടക്കം നാലോളം പേർ നിന്നാണ് കഞ്ഞിക്കുഴിയിലെ ട്രാഫിക് നിയന്ത്രിക്കുന്നത്. എന്നാൽ, മഴ പെയ്യുമ്പോൾ ട്രാഫിക് നിയന്ത്രിക്കുന്ന ഇവരുടെ കാര്യം ദുരിതത്തിലായി മാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ രീതിയിൽ ഗതാഗതം നിയന്ത്രിക്കാൻ സംവിധാനം കഞ്ഞിക്കുഴിയിൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. കഞ്ഞിക്കുഴിയിൽ നിൽക്കുന്ന കുരിശടിയും യാത്രക്കാർക്ക് വൻ ദുരിതമായി മാറുന്നുണ്ട്. കുരിശടി മാറുമ്പോൾ ഗതാഗതക്കുരുക്കഴിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കുരിശടി മാറ്റുന്നതിനു അധികൃതർ ആരും തന്നെ മുൻകൈ എടുക്കുന്നില്ല.