കോട്ടയം: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയുടെ നഗരത്തിലും പടിഞ്ഞാറൻ മേഖലയിലും വെള്ളപ്പൊക്കഭീഷണി അതിരൂക്ഷമായി. ഒറ്റപ്പെട്ടയിടങ്ങളിലും താഴ്ന്നപ്രദേശങ്ങളിലും വീടുകൾക്കും വാഹനങ്ങൾക്കും ഉൾപ്പെടെ നാശനഷ്ടമുണ്ടായി. പലയിടങ്ങളിലും വീടിന് മുകളിലേക്ക് മരങ്ങളും ബോർഡുകളും വീണ് ആൾക്കാർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. വ്യാഴാഴ്ചഉച്ചവരെ അന്തരീക്ഷം ശാന്തമായിരുന്നെങ്കിലും തലേദിവത്തെ കനത്തമഴയും ശക്തമായ കാറ്റും പലയിടങ്ങളിലും കാര്യമായ നഷ്ടത്തിനിടയാക്കി.
തിരുവാതുക്കൽ വേളൂരിൽ കനത്തമഴയിലും ശക്തമായ കാറ്റിലും വീടുകൾക്ക് വ്യാപകനാശം. ഭഗവതിപറമ്പിൽ വേളൂർ കല്ലുപുരക്കൽ സുജാതയുടെ വീടിന് മുകളിലെ റൂഫിങ് കാറ്റിൽ സമീപത്തെ വീട്ടിലേക്ക് പതിച്ചു. അപകടം നടക്കുന്ന സമയം വീട്ടമ്മയായ സുജാതയും മരുമകളും ഒരുവയസ്സുള്ള കുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ റൂഫിങ് തകർന്നുപോകുന്നതടക്കമുള്ള സംഭവത്തിന്‍റെ ഭയപ്പാടിലാണ് കഴിഞ്ഞരാത്രി ഇവർ കഴിഞ്ഞുകൂടിയത്. രാത്രി നഷ്ടപ്പെട്ട വൈദ്യുതി വ്യാഴാഴ്ച രാവിലെയോടെയാണ് പുനഃസ്ഥാപിച്ചത്. ഇവരുടെ വീടിന് മുകളിലെ ടേബിളുകളും വസ്തങ്ങളും ഉൾപ്പെടെ വെള്ളത്തിലായി. വേളൂർ ചപ്പുഴശ്ശേരിൽ കെ.ജി.കുസുമകുമാരിയുടെ വീടും ഭഗവതിപറമ്പിൽ അരുണിന്‍റെ വീടിനും നാശനഷ്ടമുണ്ടായി. ഇത് കൂടാതെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയിലുണ്ടായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീഴുകയും വ്യാപകമായി വൈദ്യുതിബന്ധം തകരാറിലാവുകയുമുണ്ടായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകം കണ്ണാടിച്ചാൽ പറേൽകാട്ട് ലളിതയുടെ വീടിനും വ്യാപക നാശനഷ്ടം സംഭവിച്ചു. ശക്തമായ കാറ്റിൽ ഷീറ്റ് പറന്നുപോവുകയായിരുന്നു. ശബ്ദം കേട്ട് ലളിതയും മകനും വീടിന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.
കനത്തമഴയില്‍ ചിങ്ങവനത്ത് വീടിന്‍റെ കിടപ്പുമുറി ഇടിഞ്ഞുവീണു. ഉറങ്ങിക്കിടന്നിരുന്ന അച്ഛനും മകനും വലിയ അത്യാഹിതത്തില്‍നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചാന്നാനിക്കാട് വിഷ്ണുക്ഷേത്രത്തിന് സമീപം പിള്ളക്കൊണ്ടൂർ വിഷ്ണു പി. വിജയന്‍റെ വീടാണ് ഇടിഞ്ഞുവീണത്.
ബുധനാഴ്ച പുലർച്ചെ ആറിനാണ് സംഭവം. ഉറക്കത്തിലായിരുന്ന വിഷ്ണുവും മകനും കട്ടിലിലേക്ക് മണ്ണ് വീഴുന്നതറിഞ്ഞ് ഉറക്കമുണർന്നപ്പോള്‍ മുറിയുടെ ഭിത്തിയില്‍ വിള്ളല്‍ വീഴുന്നത് കാണുകയായിരുന്നു. ഉടൻതന്നെ മകനെയുമെടുത്ത് പുറത്ത് കടന്നതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പെട്ടെന്നുതന്നെ ഭിത്തിയും മേല്‍ക്കൂരയും കട്ടിലിലേക്കും മറ്റു ഭാഗങ്ങളിലേക്കും തകർന്നുവീണു. അപകടം നടക്കുമ്പോള്‍ അമ്മ രാധയും ഭാര്യ സുമിയും അടുക്കളയിലായിരുന്നു. കിടപ്പുമുറിയും മുറിക്കുള്ളിലെ സാധനങ്ങളും തകർന്ന നിലയിലാണ്.
കുമരകത്ത് ബുധനാഴ്ച വൈകിട്ട് ഉണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം സംഭവിച്ചു. പരസ്യബോര്‍ഡുകള്‍ മറിഞ്ഞുവീണ് വീടുകളുടെയും സ്ഥാപനങ്ങളുടെയും ഷീറ്റ് മേല്‍ക്കൂര, വാട്ടര്‍ ടാങ്ക് അടക്കം നിലംപൊത്തി. ശക്തമായ കാറ്റില്‍ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും അപകടത്തില്‍പ്പെട്ടു. ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്. ഇതേത്തുടര്‍ന്ന് കുമരകം ഒന്നാം കലുങ്കിനും രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡില്‍ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി. ഓട്ടോറിക്ഷ റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. ഇതേസമയം എതിരേ വരുകയായിരുന്ന ബൈക്കും കാറ്റില്‍ ദിശതെറ്റി മറിഞ്ഞു.
അപകടത്തില്‍പ്പെട്ട വാഹനങ്ങളിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടാം കലുങ്കിനു സമീപം റെജിയുടെ വീടിന് മുകളിലേക്ക് പരസ്യബോര്‍ഡ് വീണ് നാശനഷ്ടം ഉണ്ടായി. കൃഷി ആവശ്യങ്ങള്‍ക്കായുള്ള നെല്‍വിത്തും കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേല്‍ക്കൂര ഷീറ്റും തകര്‍ന്നു. കൂടാതെ 60 ഓളം ഏത്തവാഴ ഉള്‍പ്പെടെയുള്ള കൃഷിയും ഒടിഞ്ഞു വീണ് നശിച്ചു. വാട്ടര്‍ ടാങ്ക് നിലത്ത് വീണു. സമീപത്തെ തീര്‍ത്ഥം വാട്ടര്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം ഓഫീസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.
ബുധനാഴ്ച വീശിയടിച്ച കാറ്റിൽ കുമരകത്ത് അഞ്ചാം വാർഡിലെ കണ്ണങ്കരിയിൽ ദേവയാനിയുടെ വീടിന്‍റെ മേൽക്കൂര വെള്ളംനിറഞ്ഞുകിടകുന്ന കൊല്ലങ്കരി പാടത്തേക്ക് പറന്നുപോയി. സംഭവസമയം വീടിനുള്ളിൽ ദേവയാനിയും മകൻ ഷാജിയും ഷാജിയുടെ ഭാര്യ അഞ്ചുവും മക്കളായ അദ്വെതും അർച്ചിതയും ഉണ്ടായിരുന്നെങ്കിലും കാര്യമായ പരുക്കുകളൊന്നുമില്ല. വീട്ടിലുണ്ടായിരുന്ന എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി. അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ നനഞ്ഞെങ്കിലും മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ ലഭിച്ചു. രാത്രി മുതൽ കുടുംബം അളിയൻ അനിരുദ്ധന്‍റെ ബോട്ടുജെട്ടിയിലുള്ള വീട്ടിലാണ്.