തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കും. മൂന്ന് ജില്ലകളിൽ അതിശക്ത മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ ജാഗ്രത. തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതും തമിഴ്‌നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂന മർദ്ദ പാത്തി നിലനിൽക്കുന്നതുമാണ് കേരളത്തിൽ മഴ ശക്തമാകുന്നതിന്റെ കാരണം.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 5 വരെയും കർണാടക തീരങ്ങളിൽ സെപ്റ്റംബർ 3 മുതൽ സെപ്റ്റംബർ 5 വരെയും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 5 വരെ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കർണാടക തീരങ്ങളിൽ സെപ്റ്റംബർ 3 മുതൽ സെപ്റ്റംബർ 5 വരെ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.