കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം. കനത്ത മഴ തുടരുകയാണ്.ഇന്നലെ മാത്രം മഴക്കെടുതിയില്‍ ആറ് പേരാണ് മരിച്ചത്. അതിതീവ്ര മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് 11 ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്.
ഇന്നലെ വൈകീട്ട് താമരശ്ശേരി കോടഞ്ചേരിയില്‍ തോട്ടില്‍ കുളിക്കുന്നതിനിടെ വൈദ്യുതികമ്ബിയില്‍നിന്ന് ഷോക്കേറ്റ് സഹോദരങ്ങളായ നിധിൻ ബിജു (14), ഐവിൻ ബിജു (10) എന്നിവർ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോടില്‍ ഓവുചാലില്‍ വീണ് ഓഫ്സെറ്റ് പ്രിന്റിങ് ജീവനക്കാരൻ ചെന്നൈ സ്വദേശി വിഘ്നേശ്വരനും (32) വില്യാപ്പള്ളിയില്‍ തെങ്ങ് കടപുഴകി സ്കൂട്ടർ യാത്രക്കാരൻ പവിത്രനും മരിച്ചു. ഇടുക്കി പാമ്ബാടുംപാറയില്‍ മരംവീണ് തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. മലപ്പുറം വള്ളിക്കുന്ന് പൊട്ടിവീണ വൈദ്യുതിക്കമ്ബിയില്‍നിന്ന് ഷോക്കേറ്റ് പത്രവിതരണത്തിനു പോയ വിദ്യാർഥി ചെട്ടിപ്പടി സ്വദേശി വാകയില്‍ ഷിനോജിന്റെ മകൻ ശ്രീരാഗ് (17) മരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. തിരുവനന്തപുരത്ത് രണ്ടും കോഴിക്കോട് ഒന്നുമാണ് തുറന്നത്. മൂന്ന് ക്യാമ്ബുകളിലുമായി 47 കുടുംബങ്ങളാണ് താമസിക്കുന്നത്. കഴിഞ്ഞവർഷം ഉരുള്‍പൊട്ടിയ വടകര വിലങ്ങാട് മഞ്ഞച്ചീളിയിലെ 19 കുടുംബങ്ങളും ഇതില്‍പെടും.
വിവിധ ജില്ലകളിലായി പത്തിലേറെ വീടുകള്‍ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്ബൂര്‍ കോള്‍പാടശേഖരത്തിലുണ്ടായ മിന്നല്‍ ചുഴലിയില്‍ സമീപത്തെ പമ്ബ് ഹൗസ് തകര്‍ന്നു. ചെറുതുരുത്തിയില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ മരംവീണു. ജാം നഗറില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് ഇന്നലെ രാവിലെ മരക്കൊമ്ബ് വീണത്. ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. ഭൂതത്താൻകെട്ട് ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നു. പെരിയാറിന്‍റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നല്‍കി. പലയിടത്തും വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി.
ദേശീയപാത നിർമാണം പുരോഗമിക്കുന്ന പലയിടങ്ങളിലും വിള്ളലുകള്‍ രൂപപ്പെട്ടത് ആശങ്കക്കിടയാക്കി. കണ്ണൂർ കുപ്പത്ത് ദേശീയപാതയില്‍ കൂടുതല്‍ ഭാഗങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. വയനാട്ടില്‍ ഈ മാസം 31 വരെ നടക്കാനിരുന്ന വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. സുല്‍ത്താൻ ബത്തേരിയില്‍ മരക്കൊമ്ബ് പൊട്ടിവീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. വയനാട്ടില്‍ എൻ.ഡി.ആർ.എഫിന്റെ 28 അംഗ സംഘമെത്തിയിട്ടുണ്ട്.