യൂസഫലി
സനൽകുമാർ പത്മനാഭൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“എന്നെ മാത്രം രക്ഷിക്കണം എന്നേ ഞാൻ മുകളിലുള്ള പുള്ളികാരനോട് പ്രാര്ഥിക്കാറുള്ളു ! ഞാൻ രക്ഷ പെട്ടാൽ എന്റെ കൂടെയുള്ളവരെ ഞാൻ രക്ഷപ്പെടുത്തും എന്ന് അങ്ങേർക്കറിയാം . അത് ഞങ്ങൾ തമ്മിലുള്ള ഒരു രഹസ്യ കരാർ ആണ് “
മമ്മൂട്ടി രഞ്ജി പണിക്കർ ടീമിന്റെ രൗദ്രം സിനിമയിൽ പ്രതിനായകൻ സേതു ആയി സായികുമാർ അരങ്ങു തകർക്കുകയാണ് ..
സായികുമാറിന്റെ ഡയലോഗുകളെ അന്വർത്ഥമാക്കുന്ന രീതിയിൽ കൊച്ചിയിൽ പറക്കലിനിടെ അപകടത്തിൽപെട്ട ഒരു ഹെലികോപ്റ്ററിനെയും അതിലുണ്ടായിരുന്ന യാത്രക്കാരെയും “മുകളിലുള്ള ആ വലിയ ആൾ ” ഒരാപത്തും വരാതെ സുരക്ഷിതമായി താഴെ ഇറക്കുകയാണ് !!
കാരണം ഹെലികോപ്ടറിലുണ്ടായിരുന്ന ആ യാത്രക്കാരൻ രക്ഷപ്പെട്ടാൽ അദ്ദേഹം തന്റെ ചുറ്റുപാടുമുള്ളവരെയെല്ലാം രക്ഷിക്കുമെന്ന് മുകളിലുള്ള അങ്ങേർക്കു നന്നായി അറിയാമായിരുന്നു !
സംസാരിച്ചു കൊണ്ടിരിക്കുന്നത് എം എ യൂസഫലിയെക്കുറിച്ചാണ് …
താൻ ഓടിച്ച കാര് മുട്ടി ഒരു കുട്ടി മരണപ്പെട്ട സംഭവത്തിൽ ശിക്ഷിക്കപ്പെട്ടു ഒൻപതു വർഷത്തോളം ജയിലിൽ കിടന്നു മരണത്തെ മുൻപിൽ കണ്ട തൃശൂർ കാരൻ ബെക്സ് കൃഷ്ണന് , അയാൾ മൂലം മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളുമായിചർച്ച നടത്തി അവർക്കു ദയാധനം ( ബ്ലഡ് മണി) നൽകി കേസ് വിടുതൽ ചെയ്യിച്ചു അയാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന ….
വണ്ടി ചെക്ക് കേസിൽ വര്ഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം യാത്ര വിലക്ക് ഉള്ളതിനാൽ നാട്ടിലേക്ക് മടങ്ങാനാകാതെ ഗൾഫിലെ ഒറ്റമുറിയിൽ അസുഖബാധിതനായി പതിനഞ്ചു വർഷത്തോളം കഴിഞ്ഞ മൂസാക്കുട്ടിയെ , അയാൾക്കെതിരായ കേസുകൾ എല്ലാം ഒത്തു തീർപ്പാക്കി നാട്ടിലെത്തിച്ച…
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഒരു തുണ്ടു പേപ്പറിൽ ” സാർ എന്റെ വീട് ജപ്തിയുടെ വക്കിൽ ആണ് കയറി കിടക്കാൻ ഇടമില്ല ” എന്നെഴുതി നൽകിയ വീട്ടമ്മയോട് ” ജപ്തിയൊന്നും ഉണ്ടാവില്ലട്ടോ ഞാൻ നോക്കിക്കോളാം ” എന്നും പറഞ്ഞു കൂടെയുള്ളവർക്ക് ആ സ്പോട്ടിൽ വേണ്ട നിർദ്ദേശം നൽകിക്കൊണ്ടിരിക്കുന്ന …
ലോക മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അവരുടെ യൂസഫ് ഭായിയെക്കുറിച്ചു ..❤
തൃശൂർ നാട്ടികയിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞു ഗുജറാത്തിലെ അഹമ്മദാബാദിൽ പലചരക്കു കട നടത്തുന്ന പിതാവിന്റെയും അദ്ധേഹത്തിന്റെ അനുജന്റെയും അടുത്തേക്ക് അവരെ കടയിൽ സഹായിക്കാനായി വണ്ടി കയറിയ ആ മനുഷ്യനെകുറിച്ചു …
അഹമ്മദാബാദിൽ കടയിൽ നിൽക്കുന്നത്തിന്റെ കൂട്ടത്തിൽ സമാന്തരമായി പഠിച്ചു ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും എടുത്തു ദുബായിലുള്ള തന്റെ വാപ്പയുടെ അനിയന്റെ അടുത്തേക്ക് , അദ്ധേഹത്തിന്റെ അവിടുത്തെ കടയിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെ മുംബൈ തുറമുഖത്തു നിന്നും കപ്പലിൽ “പണിയെടുക്കുന്നവന്റെ പടച്ചോൻ “എന്നറിയപ്പെടുന്ന ദുബായി ലക്ഷ്യമാക്കി നീങ്ങുന്ന അതെ മനുഷ്യൻ …..
ദുബായിൽ തങ്ങളുടെ കടയിൽ വില്പനക്ക് കൊണ്ട് വരുന്ന അസംസ്‌കൃത വസ്തുക്കൾ കണ്ടിട്ട് , അവയെല്ലാം അവ നിർമിക്കുന്ന ഉറവിടത്തിൽ നിന്നും നേരിട്ട് വാങ്ങുകയാണെങ്കിൽ വിലകുറഞ്ഞു കിട്ടുമല്ലോ എന്ന് ചിന്തിച്ചു , ആ വസ്തുക്കളുടെ ഉറവിടം തേടി ചൈനയിലും , സിംഗപ്പൂരിലും , ഓസ്‌ട്രേലിയയിലും ചെന്നെത്തിയ..
താൻ ചെന്നെത്തിയ പുതു സ്ഥലത്തു കണ്ട എല്ലാ അവശ്യ സാധനങ്ങളും ഒരിടത്തു ലഭ്യമാകുന്ന കാഴ്ചയിൽ ആകൃഷ്ടനായി അത്തൊരമൊരു സംരഭം ” സൂപ്പർ മാർക്കറ്റ് ” എന്നത് ദുബായിൽ തുടങ്ങി ഉപഭോക്താക്കളെ അമ്പരിപ്പിച്ച..
ബൾക്ക് ആയി അസംസ്‌കൃത സാധനങ്ങൾ ഇറക്കുമതി ചെയ്തു തങ്ങളുടെ സൂപ്പർമാർകെറ്റിൽ അവ കേടാകാതെ സൂക്ഷിച്ചു വെച്ചാൽ അവിടെ അടുത്തുള്ള ചില്ലറ കച്ചവടക്കാർക്ക് അവ ആവശ്യാനുസരണം വിറ്റും ബിസിനെസ്സ് ചെയ്യാം എന്ന് ചിന്തിച്ച …..
“സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരൻ സജ്ജനങ്ങളുടെ കൂടെയാണ് എന്ന നബിവചനവും ..
“ഉപഭോക്താവ് രാജാവ് ആണ്” എന്ന ഗാന്ധിവചനവും തന്റെ ഓരോ പ്രവർത്തികളിലും ലയിപ്പിച്ചു കൊണ്ട്,
തന്റെ കണ്ണിൽ തടയുന്ന ഓരോ കാഴ്ചയിലും കച്ചവടത്തിന്റെ സാദ്ധ്യതകൾ തേടിയിരുന്ന ഒരു അസാധാരണ മനുഷ്യൻ …
.
ഗൾഫ് യുദ്ധം കൊടുമ്പിരി കൊണ്ട കാലത്തു ആളുകൾ ഗൾഫിൽ നിന്നും നിക്ഷേപം എല്ലാം പിൻവലിച്ചു മടങ്ങുന്ന നേരത്ത് , യു എ ഇ യിൽ താൻ അക്കാലമത്രയും പണിയെടുത്ത സമ്പാദ്യം ” ഈ രാജ്യത്തിൽ എനിക്ക് വിശ്വാസമുണ്ട് ” എന്ന് പറഞ്ഞു കൊണ്ട് നിക്ഷേപിച്ചു കൊണ്ട് അവിടത്തെ ഭരണാധികാരികളുടെ വിശ്വാസം കവർന്ന മനുഷ്യൻ ..
അനുദിനം പടർന്നു പന്തലിക്കുന്ന ബിസിനസ് സാമ്രാജ്യങ്ങളുടെയും , എണ്ണമില്ലാത്ത ചാരിറ്റികളുടെയും പേരിൽ ഒട്ടേറെത്തവണ വാർത്തകളുടെ തലക്കെട്ടുകൾ സ്വന്തമാക്കിയ ആ മനുഷ്യൻ എന്റെ ഹൃദയത്തിലേക്ക് അമാനുഷിക ഭാവത്തോടെ ഇടിച്ചു കയറുന്നതു അദ്ദേഹത്തിന്റെ വസതിയിലൊരിക്കൽ ജോലി തേടിയുള്ളവരുടെ നീണ്ട നിരയിൽ ഉദ്യോഗാര്ഥിയായി നിന്ന നാളിൽ കണ്ടറിഞ്ഞ ആ സംഭവത്തിലൂടെയാണ് ….
എനിക്ക് മുൻപിൽ നിന്ന ഉദ്യോഗാര്ഥിയുടെ സെര്ടിഫിക്കറ്റുകളെല്ലാം വെരിഫൈ ചെയ്ത ശേഷം അവനോടു അദ്ദേഹം ഒരു ചോദ്യം ചോദിക്കുന്നുണ്ട്..
” വീട്ടിൽ ആരൊക്കെയുണ്ട് “?
“ഉമ്മയും ഞാനും “
നീ താമസിക്കുന്നത് എവിടെയാണ് ?
“കൊച്ചിയിൽ കൂട്ടുകാരുടെ കൂടെയാണ് ..”
ഉമ്മയോ ?
നാട്ടിൽ!
ഒറ്റക്കാണോ ?
അതെ സാർ .
“പ്രായമായ ഉമ്മയെ വീട്ടിൽ ഒറ്റയ്ക്ക് നിർത്തിയിട്ടു കൊച്ചിയിൽ കൂട്ടുകാരുടെ കൂടെ നിൽക്കുന്ന നിന്നെ എങ്ങെനെ ജോലിക്കു എടുക്കും ? ആദ്യം നല്ലൊരു മകൻ ആകു എന്നിട്ടാകാം നല്ലൊരു ജോലിക്കാരൻ ആകുന്നതു !”
എന്ന് പറഞ്ഞു സർട്ടിഫിക്കറ്റുകൾ അയാൾക്ക് തിരിച്ചു നൽകുന്ന അദ്ദേഹം !
ആ ഓര്മ എങ്ങനെയാണു മാഞ്ഞു പോകുക ?
പ്രപഞ്ചത്തിലെ ഏറ്റവും വലിയ വികാരം വിശപ്പാണെന്ന തിരിച്ചറിവിൽ , ലോകരാജ്യങ്ങളിലെ പട്ടിണി കിടക്കുന്നവർക്കു ഭക്ഷണപ്പൊതികൾ എത്തിക്കുക എന്ന ദുബായ് ഭരണസമിതിയുടെ വൺ ബില്യൺ മീൽസ് എന്ന പദ്ധതിയിലേക്ക് നാല് കോടി സംഭാവന നൽകിയ വാർത്ത കൂടി കണ്ടപ്പോൾ ഈ മനുഷ്യൻ ഹൃദയത്തിൽ ഇങ്ങനെ നിറയുക ആണ് ….
ഒരുപക്ഷെ ഒരിക്കലും മായാതെ …
ഉള്ളിൽ ഉറവ വറ്റാത്ത നന്മയുമായി ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ ….
എല്ലാവിധ ഭാവുകങ്ങളും യൂസഫ് ഭായ് ..
.❤️❤️