കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിലുള്ള മൊഴികളുണ്ടെന്നും അതിനാൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാമെന്നും ഹൈക്കോടതി. എന്നാൽ അതിജീവിതമാരുടെ പേരുകൾ ഒരു കാരണവശാലും പുറത്തുവരാൻ പാടില്ലെന്നും എഫ്.ഐ.ആർ അടക്കമുള്ള രേഖകളിൽ നിന്ന് അതിജീവിതമാരുടെ പേരുകൾ മറച്ചുവെക്കണമെന്നും കോടതി നിർദ്ദേശിക്കുന്നു. മൊഴി നൽകാൻ തയാറാല്ലാത്തവരെ നിർബന്ധിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
അതേസമയം സിനിമ സെറ്റുകളിലെ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് സി എസ് സുധ, എ. കെ. ജയശങ്കരൻ നമ്ബ്യാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം വിശദമായി പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിർദ്ദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുത്ത് മുന്നോട്ട് പോകാൻ കഴിയുന്ന തരത്തിലുള്ള മൊഴികളുണ്ട്. അതിനാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാം. എന്നാൽ ഹേമ കമ്മിറ്റിക്ക് മുമ്ബാകെ മൊഴി നൽകിയ അതിജീവിതമാരുടെ പേരുകൾ വെളിപ്പെടുത്തരുത്. കൂടാതെ എഫ്.ഐ.ആർ അടക്കമുള്ള രേഖകളിൽ നിന്ന് അതിജീവിതമാരുടെ പേരുകൾ മറച്ചുവെക്കണം. എഫ്.ഐ.ആറിന്റെ പകർപ്പ് അതിജീവിതമാർക്ക് മാത്രമേ നൽകാൻ പാടുള്ളൂ. അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കി സമർപ്പിക്കുമ്‌ബോൾ മാത്രമേ പകർപ്പ് പ്രതിഭാഗത്തിന് നൽകാൻ പാടുള്ളൂ.- ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതിന് ശേഷം കേസുമായി മുന്നോട്ടുപോകേണ്ടതില്ലെന്നാണ് വ്യക്തമാകുന്നതെങ്കിൽ അന്വേഷണ സംഘത്തിന് നിയമപരമായി ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ അതിജീവിത മൊഴി നൽകാനോ, കേസുമായി സഹകരിക്കാനോ തയാറാകുന്നില്ലെങ്കിൽ അവരെ നിർബന്ധിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ഹേമ കമ്മിറ്റി മുൻപാകെ മൊഴിനൽകിയവർ കേസ് തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ചതായാണ് സർക്കാർ കഴിഞ്ഞദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളുണ്ടായെന്ന വിവരം ലഭിച്ചാൽ പോലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് ബി.എൻ.എൻ.എസ്. വകുപ്പ് 176-ൽ പറയുമ്‌ബോൾ മൊഴി നൽകിയവർ പിന്മാറുന്നതിനാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അന്വേഷണം തടസപ്പെടും. വ്യക്തികളുടെ ശരീരത്തിനുനേരേയുള്ള കുറ്റകൃത്യങ്ങളുടെയും ലൈംഗികാതിക്രമം പോലുള്ളവയുടെയും കാര്യത്തിൽ അതിജീവിത പിന്മാറിയാൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് ഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നിർണായക ഇടപെടൽ നടത്തിയിരിക്കുന്നത്.