പത്തനംതിട്ട : ഹയർസെക്കന്ററി വകുപ്പിൽ താല്ക്കാലികമായി തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ പി . എസ്. സി. വഴി നിയമിതരായ 67 ഇംഗ്ലീഷ് ജൂനിയർ അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ നടപടി പിൻവലിക്കണം.
2018 – ൽ എയിഡഡ് ഹയർ സെക്കന്ററി സ്കൂളുകളിൽ സമാനമായ സാഹചര്യമുണ്ടായപ്പോൾ അവരെ സംരക്ഷിക്കുന്ന സർക്കാർ ഉത്തരവ് ഉണ്ടായതിനെ തുടർന്ന് യാതൊരു സർവീസ് ബ്രേക്കും കൂടാതെ അവർ ഇപ്പോഴും സർവീസിൽ തുടരുമ്പോഴാണ് പി എസ് സി വഴി വന്നവർ സർവീസ് ബ്രേക്കോടെ പുറത്താക്കപ്പെടുന്നത്. ഇത് വിവേചനപരവും തുല്യരായവർക്ക് തുല്യ പരിഗണന എന്ന തത്വത്തിന്റെ ലംഘനവുമാണ്.
കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാലയങ്ങളിൽ തസ്തിക നഷ്ടപ്പെട്ട ആയിരക്കണക്കിന് അധ്യാപകരെ പ്രൊട്ടകഷനിൽ നില നിർത്തി ശമ്പളവും മറ്റാനുകൂല്യങ്ങളും നല്കി സംരക്ഷിക്കുന്ന സർക്കാരാണ് ഹയർസെക്കന്ററി അധ്യാപകരെ തിരക്കിട്ട് പുറത്താക്കിയിരിക്കുന്നത്. പ്ലസ് ടൂ പഠനത്തിന് ശേഷം എട്ട് വർഷത്തോളം തുടർച്ചയായി സർവകലാശാലാ വിദ്യാഭ്യാസവും തുടർന്ന് യോഗ്യതാ പരീക്ഷയും പാസായശേഷം ദീർഘനാളുകൾ കാത്തിരുന്ന് പി എസ് സി യുടെ എഴുത്ത് പരീക്ഷയും അഭിമുഖവും പാസായി ലിസ്റ്റിൽ ഉൾപ്പെട്ട ശേഷം നിയമിതരായവരാണ് ഒരു സായാഹ്നത്തിൽ നിഷ്കരുണം പിരിച്ചുവിടപ്പട്ടിരിക്കുന്നത്.
അതിനാൽ 67 ഹയർസെക്കന്ററി അധ്യാപകരെ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഉടൻ പിൻവലിച്ച് , സർവീസ് ബ്രേക്ക് വരാത്ത വിധം ഇവരെ വിദ്യാഭ്യാസ വകുപ്പിൽ നിലനിർത്തുന്ന ഉത്തരവ് അടിയന്തരമായി പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എച് എസ് എസ് റ്റി എ നടത്തിയ പ്രതിഷേധ ധർണ്ണയിൽ ആവശ്യപ്പെട്ടു.
പ്രതിക്ഷേധ ധർണ്ണ സെറ്റോ ജില്ലാ ചെയർമാൻ വിനോദ് കുമാർ പി എസ് ഉദ്ഘാടനം ചെയ്തു. സുരേഷ് കുമാർ കെ എം-ൻറെ അധ്യക്ഷതയിൽ കൂടിയ ധർണ്ണയിൽ അനിൽ എം ജോർജ്, മുഹമ്മദ് സിദ്ദിഖ്, പ്രശാന്ത്, രാജേഷ് പി, പ്രമോദ് ബി, ജിജി സാം മാത്യു, എം വി. തുളസിരാധ എന്നിവർ പ്രസംഗിച്ചു.