ബാഗ്ലൂർ : തെലങ്കാനയില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തില്‍ നിന്നായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.തെലങ്കാനയിലെ സൂര്യപേട്ടില്‍ നടത്തിയ പ്രസംഗത്തിലാണ് അമിത് ഷായുടെ പ്രഖ്യാപനം. തെലങ്കാനയില്‍ കഴിഞ്ഞ തവണ ബിജെപി വെറും ഒരു സീറ്റിലൊതുങ്ങിയിരുന്നു. ഇത്തവണ ഏത് വിധേനയും സീറ്റെണ്ണം കൂട്ടാന്‍ ആദ്യപട്ടികയില്‍ തന്നെ 3 എംപിമാരെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.
നിയമസഭയിലേക്ക് മത്സരിക്കുന്ന എംപിയും മുന്‍ അധ്യക്ഷനുമായ ബണ്ടി സഞ്ജയ്, ദേശീയ ഒബിസി മോര്‍ച്ചാ അധ്യക്ഷനും എംപിയുമായ കെ ലക്ഷ്മണ്, ഹുസൂറാബാദ് എംഎല്‍എ ഈട്ടല രാജേന്ദര്‍ എന്നിവരാണ് തെലങ്കാനയിലെ മുഖ്യ ഒബിസി നേതാക്കള്‍.ഇവരെക്കൂടി കയ്യിലെടുക്കുന്ന പ്രഖ്യാപനമാണ് അമിത്ഷാ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ജനസേനാ പാര്‍ട്ടിയും തെലുങ്കു സൂപ്പര്‍ താരവുമായ പവന് കല്യാണ്‍ എന്‍ഡിഎ സഖ്യത്തില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ആഴ്ച അമിത് ഷായെ ദില്ലിയിലെത്തി കണ്ട പവന് കല്യാണ്‍ തെലങ്കാനയില്‍ എന്‍ഡിഎ സഖ്യത്തോടൊപ്പമായിരിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രതീക്ഷയില്‍ കൂടിയാണ് തെലങ്കാനയില്‍ ബിജെപി പ്രതീക്ഷവെക്കുന്നത്.