തിരുവനന്തപുരം : സംസ്ഥാനത്ത് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിക്കുന്നു. ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമാണ് നിക്ഷേപകസംഗമം നടത്തുന്നത്.നവംബര്‍ 16 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയില്‍ നടക്കുന്ന ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാൻ, ചീഫ് സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ വ്യവസായികള്‍, ഇന്ത്യയിലും വിദേശത്തുമുള്ള നിക്ഷേപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ട്രാവല്‍, ഹോസ്പിറ്റാലിറ്റി മേഖലയെ നവീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന നിക്ഷേപക സംഗമം എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം ഡെസ്റ്റിനേഷൻ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തെ ഉയര്‍ത്തിക്കാട്ടും. സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തുന്നതിനും പുതിയ ആശയങ്ങളും ഉത്പന്നങ്ങളും അവതരിപ്പിക്കുന്നതിനുമായി സ്വകാര്യ നിക്ഷേപകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്താനാണ് നിക്ഷേപക സംഗമം ലക്ഷ്യമിടുന്നതെന്ന് ടൂറിസം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ വിപുലീകരണവും പുതിയ പദ്ധതികളുടെ നടപ്പിലാക്കലും മുൻഗണനാ പദ്ധതിയായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതിന് വിവിധ മേഖലകളിലെ നിക്ഷേപങ്ങള്‍ കൂടി ആകര്‍ഷിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ആദ്യമായി ടൂറിസം നിക്ഷേപക സംഗമം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.