തിരുവനന്തപുരം: ഹൈറിച്ച് സാമ്ബത്തിക തട്ടിപ്പ് കേസ് സി.ബി.ഐ.ക്ക് വിട്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഹൈറിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട് ചേർപ്പ് പോലീസ് അന്വേഷിക്കുന്ന കേസാണ് സർക്കാർ സി.ബി.ഐ.ക്ക് വിട്ടത്. അതീവരഹസ്യമായിട്ടായിരുന്നു ഇതുസംബന്ധിച്ച നടപടികള്‍. ഹൈറിച്ച് കേസ് സി.ബി.ഐ.ക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെ ഏപ്രില്‍ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെർഫോമ റിപ്പോർട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫൻസ് വിങ്ങിലെ ഡിവൈ.എസ്.പി. മുഖാന്തരം പെർഫോമ റിപ്പോർട്ട് അടിയന്തരമായി ഡല്‍ഹിയില്‍ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിർദേശം.
നേരത്തെ ഹൈറിച്ച് കേസില്‍ ഇ.ഡി. റെയ്ഡിനെത്തുന്ന വിവരങ്ങളടക്കം പ്രതികള്‍ക്ക് ചോർന്നുകിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.ഐ.ക്ക് വിടാനുള്ള നടപടിക്രമങ്ങള്‍ അതീവരഹസ്യമായി കൈകാര്യംചെയ്തതെന്നാണ് സൂചന. ഹൈറിച്ച് കേസിന് പുറമേ കൊച്ചി കേന്ദ്രീകരിച്ച് നടന്ന ‘മാസ്റ്റേഴ്സ് ഫിൻസെർവ്’ സാമ്ബത്തിക തട്ടിപ്പ് കേസും സംസ്ഥാന സർക്കാർ സി.ബി.ഐ.ക്ക് വിട്ടിട്ടുണ്ട്. ഓണ്‍ലൈൻ ഷോപ്പിങ്ങിന്റെ മറവില്‍ മണിച്ചെയിൻ മാതൃകയിലാണ് ഹൈറിച്ച് കമ്ബനി സാമ്ബത്തിക തട്ടിപ്പ് നടത്തിയതെന്നായിരുന്നു പോലീസിന്റെയും ഇ.ഡി.യുടെയും റിപ്പോർട്ട്. ഏകദേശം 1630 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പാണ് ഹൈറിച്ച് കമ്ബനി നടത്തിയതെന്നായിരുന്നു പോലീസ് റിപ്പോർട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇ.ഡി. നടത്തിയ അന്വേഷണത്തിലും കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ക്രിപ്റ്റോകറൻസിയായ എച്ച്.ആർ.കോയിൻ വഴി മാത്രം ആയിരം കോടിയിലേറെ രൂപയുടെ ഇടപാട് നടത്തിയതായാണ് കണ്ടെത്തല്‍. ക്രിപ്റ്റോ കറൻസി വഴി സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയതായും സംശയമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃശ്ശൂർ സ്വദേശികളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനുമാണ് ഹൈറിച്ച് ഓണ്‍ലൈൻ ഷോപ്പിയുടെ ഉടമകള്‍. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപവും അന്വേഷണസംഘം മരവിപ്പിച്ചിരുന്നു. പലചരക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്കായി ഹൈറിച്ച് ഓണ്‍ലൈൻ പ്ലാറ്റ് ഫോമിലൂടെ മള്‍ട്ടിലെവല്‍ മാർക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തില്‍ 78 ശാഖകളും ഉണ്ടെന്നായിരുന്നു കമ്ബനിയുടെ അവകാശവാദം. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡി.കള്‍ കമ്ബനിയില്‍ ഉണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരു ഇടപാടുകാരന്റെ പേരില്‍ത്തന്നെ അമ്ബതോളം ഐ.ഡി.കള്‍ സൃഷ്ടിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
കൊച്ചി കാക്കനാട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ‘മാസ്റ്റേഴ്സ് ഫിൻസെർവ്’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്നത്. ഓഹരി വിപണിയില്‍ പണം മുടക്കിയാല്‍ വൻ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂണ്‍ 25 മുതല്‍ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. കേസിനെ തുടർന്ന് സ്ഥാപന ഉടമകളായ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവർ ദുബായിലേക്ക് കടന്നിരുന്നു. ഇരുവരെയും പിന്നീട് ഡല്‍ഹിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കേരള പോലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ ഇ.ഡി.യും അന്വേഷണം ആരംഭിച്ചു. പ്രതികളുടെ 30 കോടി രൂപയുടെ സ്വത്ത് ഇ.ഡി. സംഘം കണ്ടുകെട്ടുകയുംചെയ്തു.