കൊച്ചി : വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
കുറ്റവാളിയെ രക്ഷിക്കാൻ ബോധപൂർവ്വമായി ശ്രമിച്ചു. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി. സംഭവസമയം അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തുകയോ തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല, തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയില്ല തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് കേസന്വേഷണത്തില്‍ സംഭവിച്ചത്. ഈ സാഹചര്യത്തില്‍ കൊലപാതക കേസ് പുനരന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.കേസിന്റെ അന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയതായി പോക്സോ കോടതി കണ്ടെത്തിയ സിഐ ടി.ഡി. സുനില്‍കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. സുനില്‍കുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എറണാകുളം റൂറല്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2021 ജൂണ്‍ 30-നാണ് ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് അയല്‍വാസിയായ അർജുനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ കട്ടപ്പന അതിവേഗ പോക്സോ കോടതി സ്പെഷല്‍ ജഡ്ജി വി.മഞ്ജു കുറ്റവിമുക്തനാക്കിയിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്നും പീഡനം നടന്നിട്ടുണ്ടെന്നുമുള്ള കണ്ടെത്തല്‍ കോടതി ശരിവച്ചെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാൻ പ്രോസിക്യൂഷന് തെളിഞ്ഞില്ലെന്ന കാരണത്താലാണ് അർജുനെ വെറുതെ വിട്ടത്.