കൊച്ചി : കപ്പൽ അപകടത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സർക്കാരിന് കേസ് എടുക്കാം. ക്രിമിനൽ, സിവിൽ നടപടികൾ കപ്പൽ കമ്പനികൾക്കെതിരെ സ്വീകരിക്കാം. നടപടികളിൽ ഒരു പഴുതും ഉണ്ടാവരുത്. സർക്കാർ ചെലവാകുന്ന മുഴുവൻ തുകയും കപ്പൽ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കപ്പലപകടവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കവേയാണ് ഹൈക്കോടതി നിർദ്ദേശം.
അപകടത്തിൽപ്പെട്ട കപ്പലുമായി ബന്ധപ്പെട്ട് സർക്കാർ ഇത് വരെ ചിലവാക്കിയ പണം എത്രയെന്ന് അറിയിക്കണം. പൊതുജനങ്ങളിൽനിന്നും സ്വീകരിച്ച നികുതി പണമാണ് ചിലവാക്കുന്നത്. ഏതൊക്കെ തരത്തിൽ നഷ്ടപരിഹാര തുക കമ്പനിയിൽ നിന്നും ക്ലെയിം ചെയ്യാമെന്ന് അറിയിക്കണം. മത്സ്യ നഷ്ടം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം കമ്പനിയിൽ നിന്ന് ഈടാകാം എന്നും കോടതി നിർദ്ദേശിച്ചു. അന്താരാഷ്ട്ര കരാറുകളും ചട്ടങ്ങളും പരിശോധിക്കണം. എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് സർക്കാരും അറിയിക്കണം. നിർദ്ദേശങ്ങൾ അടുത്ത സിറ്റിങിൽ നൽകാമെന്നും കോടതി വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊച്ചിയിലെ അപകടത്തിൽ എണ്ണച്ചോർച്ചയാണ് പ്രശ്നമെന്നും കണ്ണൂർ അഴീക്കൽ കപ്പൽ അപകടത്തിൽ അപകടകരമായ കെമിക്കൽ മെറ്റീയലുകളുണ്ടായിരുന്നുവെന്നും എജി ഹൈകോടതിയെ അറിയിച്ചു. പരാതി കിട്ടിയാൽ മാത്രമേ സർക്കാരിന് കേസെടുക്കാൻ ആകൂവെന്നും എജി അറിയിച്ചു. ഇതോടെ അമിക്കസ് ക്യൂരിയെ നിയമിക്കാമെന്നും നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടാകരുതെന്നും ഹൈ കോടതി മറുപടി നൽകി.