കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനായുള്ള പ്രത്യേക ഡിവിഷൻ ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. എന്തുകൊണ്ട് ഇത്രയും കാലം സര്‍ക്കാര്‍ ഹേമ കമ്മീഷൻ റിപ്പോര്‍ട്ടിൽ മൗനം പാലിച്ചുവെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.
പ്രത്യേക അന്വേഷണ സംഘത്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം കൈമാറേണ്ടതെന്നും അതിനുശേഷമെ മുദ്രവെച്ച കവറിലുള്ള പൂര്‍ണ റിപ്പോര്‍ട്ട് തങ്ങള്‍ തുറക്കുവെന്നും ഹൈക്കോടതി വ്യക്തമാക്കി. തുടര്‍ നടപടി എടുത്തോയെന്നത് അടുത്ത സിറ്റിങിൽ പരിശോധിക്കുമെന്നും എസ്‍ഐടി തിരക്കിട്ട് നടപടികളിലേക്ക് കടക്കരുതെന്നും ഓഡിയോ സന്ദേശങ്ങള്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമാണെങ്കില്‍ അത് ഹാജരാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.