റോഡ് യാത്രയുടെ രസം തന്നെ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളുമെല്ലാമാണ്. റോഡിന്റെ വശങ്ങളിലെ കാഴ്ച്ചകള്‍ കണ്ട് പോകാൻ ഇഷ്ടമില്ലാത്തവർ വളരെ കുറവാകും.എന്നാല്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഒന്നുമില്ലാത്ത റോഡിനെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതെ, അങ്ങനെയൊരു റോഡുണ്ട്. വളവുകള്‍ ഇല്ലാതെ നീണ്ടുനിവർന്നു കിടക്കുന്ന ഒരു റോഡ്. അതും ചെറിയ ദൂരമൊന്നുമല്ല. 240 കിലോമീറ്റർ ദൂരത്തിലാണ് ഈ റോഡ്.
‘ലോകത്തിലെ ഏറ്റവും വിരസമായ റോഡ്’ എന്നറിയപ്പെടുന്ന ഈ റോഡ് സൗദി അറേബ്യയിലാണ്. വളവുകള്‍ ഇല്ലാത്തത് മാത്രമല്ല ഈ റോഡ് യാത്ര വിരസമാകാൻ കാരണം. മരുഭൂമിക്ക് നടുവിലൂടെയാണ് ഈ റോഡ് നിർമ്മിച്ചിരിക്കുന്നത്. റുബ്-അല്‍-ഖാലി മരുഭൂമിയിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. എങ്ങോട്ട് നോക്കിയാലും മരുഭൂമിയല്ലാതെ മറ്റൊരു കാഴ്ച്ചയും ഈ റോഡിലൂടെയുള്ള യാത്രയിലില്ല. സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അല്‍ ദർബ് പട്ടണത്തെ കിഴക്കൻ പ്രദേശമായ അല്‍ ബത്തയുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.ഓഡിറ്റി സെൻട്രല്‍ വെബ്‌സൈറ്റിൻറെ റിപ്പോർട്ടുകളിലാണ് സൗദി അറേബ്യയിലെ ഈ വിരസമായ റോഡിനെ കുറിച്ച് പരാമാർശിക്കുന്നത്. ഹൈവേ 10 എന്നറിയപ്പെടുന്ന ഈ റോഡ് രണ്ട് പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന 149 മൈല്‍ (240 കിലോമീറ്റർ) നീളമുള്ള ഒരൊറ്റ റോഡാണ്. വിരസമായ റോഡെന്നാണ് പേരെങ്കിലും രാജ്യത്തുടനീളമുള്ള ചരക്ക് കയറ്റുമതി ട്രക്കുകള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന വളരെ തിരക്കുള്ള ഒരു റോഡ് കൂടിയാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫഹദ് ബിൻ അബ്ദുല്‍ അസീസ് രാജാവിൻറെ സ്വകാര്യ റോഡായിട്ടാണ് ഹൈവേ 10 ൻറെ അടിസ്ഥാന സൗകര്യങ്ങള്‍ ആദ്യം നിർമ്മിച്ചത്. പിന്നീട് ഇത് പൊതു റോഡ് സംവിധാനത്തിൻറെ ഭാഗമാക്കുകയായിരുന്നു. വളവുകളില്ലാതെ നീണ്ട് കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോർഡും ഹൈവേ 10 ന് സ്വന്തം. ഒരു കാറിന് ഈ റോഡ് മുഴുവൻ ഓടിത്തീർക്കാൻ രണ്ട് മണിക്കൂർ സമയം ആവശ്യമാണ്. സൌദി അറേബ്യയിലെ ഈ റോഡ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയിലെ ഐർ ഹൈവേയ്ക്കാണ് (Eyre Highway). ഓസ്ട്രേലിയയിലെ ഏറ്റവും ദൈർഘ്യമേറിയ പാതയും ഇത് തന്നെ. 91.1 മൈല്‍ ( 146 കിലോമീറ്റർ) ദൂരമാണ് ഐർ ഹൈവേയ്ക്കുള്ളത്. അതേസമയം യുഎസ്‌എയിലെ റൂട്ട് 66 ലോകത്തിലെ ഏറ്റവും പ്രശസ്തമായ റോഡ് എന്ന പദവി വഹിക്കുന്നു. മെയിൻ സ്ട്രീറ്റ് ഓഫ് അമേരിക്ക എന്ന് വിളിപ്പേരുള്ള ഈ റോഡ് മിക്ക ഹോളിവുഡ് സിനിമകളിലെയും അവിഭാജ്യ ഘടകമാണ്.